- അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ജംറ
മക്ക – പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറിന്റെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതത്തിന്റെ ഓര്‍മകള്‍ അയവിറക്കിയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം ഉയര്‍ത്തിയും സൗദിയിലെയും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.
സൗദിയിലെങ്ങും പ്രധാന ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. വിശുദ്ധ ഹറമില്‍ ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും മസ്ജിദുന്നബവിയില്‍ പ്രവാചക പള്ളി ഇമാം ഖത്തീബുമായ ശൈഖ് ഡോ. ഖാലിദ് അല്‍മുഹന്നയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനും പങ്കെടുത്തു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഇവിടെ ഹയര്‍ ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഇന്നലെ പകല്‍ വിശ്വാസികളുടെ വിശ്വമഹാസമ്മേളനമായ അറഫ സംഗമത്തില്‍ പങ്കെടുത്തും രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്തും ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെയോടെ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ബലികര്‍മം നിര്‍വഹിച്ചും ശിരസ്സ് മുണ്ഡനം ചെയ്തും അല്ലാതെയും ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാനും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനും വിശുദ്ധ ഹറമിലെത്തുകയായിരുന്നു. ഹറമില്‍ മതാഫിലേക്ക് ഹാജിമാര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഹറമിന്റെ മറ്റു ഭാഗങ്ങളിലും മുറ്റങ്ങളിലും തീര്‍ഥാടകര്‍ക്കു പുറമെ മക്ക നിവാസികളും നമസ്‌കാരത്തില്‍ പങ്കെടുത്തു. ഹറമും പരിസരപ്രദേശങ്ങളും വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു.
ത്വവാഫുല്‍ഇഫാദ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരുടെ ബാഹുല്യം കാരണം മതാഫ് സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ന് മിനായില്‍ രാപ്പാര്‍ക്കുന്ന ഹാജിമാര്‍ നാളെ മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെയും വിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയതിന്റെയും ഫലമെന്നോണം ഇത്തവണത്തെ ഹജിന് ഇതുവരെ ജംറയിലോ മറ്റോ അനിയന്ത്രിതമായ തിക്കും തിരക്കും അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനധികൃതമായി ഹജ് നിര്‍വഹിക്കുന്നവരെ തടയാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ വകുപ്പുകള്‍ നടത്തിയ ഊര്‍ജിത ശ്രമങ്ങളും ഇക്കാര്യത്തില്‍ നടത്തിയ ശക്തമായ ബോധവല്‍ക്കരണങ്ങളും വലിയ ഫലം ചെയ്തു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കുന്ന പ്രവണത ഇത്തവണ ഏറെക്കുറെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചു. ഇത് നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് കര്‍മങ്ങള്‍ എളുപ്പമാക്കുകയും പുണ്യസ്ഥലങ്ങളിലെ അനിയന്ത്രിതമായ തിക്കും തിരക്കും ഇല്ലാതാക്കുകയും ചെയ്തു.
ഇത്തവണ പതിനെട്ടര ലക്ഷത്തോളം പേരാണ് ഹജ് കര്‍മം നിര്‍വഹിക്കുന്നത്. കറകളഞ്ഞ ഏകദൈവ വിശ്വാസത്തെയും സാഹോദര്യബന്ധങ്ങളെയും ഊട്ടിയുറപ്പിക്കുക എന്നതാണ് ഹജിന്റെ ലക്ഷ്യം. തനിക്ക് വിലപ്പെട്ടതെന്തും ദൈവീകപ്രീതിക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്. ജീവിത പരീക്ഷണത്തില്‍ അത്യുന്നത വിജയം കൈവരിക്കാന്‍ സാധിച്ച ഇബ്രാഹിം നബിയുടെ ഉദാത്തമാതൃക പിന്‍പറ്റുകയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഹജും ബലിപെരുന്നാളും വിശ്വാസികളുടെ മനസ്സുകളില്‍ ഉണര്‍ത്തുന്നത്.
സൗദി ഭരണാധികാരികള്‍ക്ക് ലോക നേതാക്കള്‍ പെരുന്നാള്‍ ആശംസകള്‍ നേരുകയും സല്‍മാന്‍ രാജാവും കിരീടവകാശിയും രാഷ്ട്ര നേതാക്കളെ പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഗവര്‍ണര്‍മാരും മന്ത്രിമാരും പണ്ഡിതരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനും കിരീടാവകാശിക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പൗരപ്രമുഖര്‍ പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് ബലിപെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു.