ബ്രസ്സല്‍സ് – പലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനായി ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നതും നീക്കം ചെയ്യുന്നതും ബെൽജിയം പൂർണ്ണമായും നിരോധിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധി വഷളാകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനമെന്ന് ബെൽജിയം വിദേശ മന്ത്രാലയ വക്താവ് ഓഡ്രി ജാക്വറ്റ് വ്യക്തമാക്കി. ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ബെൽജിയം വ്യോമാതിർത്തി ഉപയോഗിക്കുന്നതിനും വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനും കർശന വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള രാജകീയ ഉത്തരവും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ടുള്ള അനുമതിയില്ലാതെ ആയുധങ്ങൾ കൈമാറാൻ മുൻപ് ഉപയോഗിച്ചിരുന്ന നിയമപരമായ പഴുതുകൾ അടയ്ക്കുക എന്നതും ഫലസ്തീനികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ഒഴിവാക്കുക എന്നതുമാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധം പതിനായിരക്കണക്കിന് ഫലസ്തീനികളുടെ മരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായതായി ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്താൻ അന്താരാഷ്ട്ര തലത്തിലും ബെൽജിയത്തിന് ഉള്ളിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായിരുന്നു. നേരത്തെ, 2025 ജൂലൈയിൽ ആന്റ്വെർപ്പ് തുറമുഖം വഴിയുള്ള ആയുധക്കടത്ത് ബെൽജിയം കോടതി തടഞ്ഞിരുന്നു. നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും ഐക്യരാഷ്ട്രസഭയുടെയും നിർദ്ദേശങ്ങൾ മാനിച്ച് സ്‌പെയിൻ, അയർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സ്വീകരിച്ചതിന് സമാനമായ നിലപാടാണ് ബെൽജിയവും സ്വീകരിച്ചിരിക്കുന്നത്. യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കൂട്ടുനിൽക്കാതിരിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ബെൽജിയത്തിന്റെ ഈ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.



