ധാക്ക – ബംഗ്ലദേശിൽ നിരവധി പേരുടെ വധശിക്ഷ നടപ്പാക്കുകയും അതേക്കുറിച്ച് പുസ്തകം രചിക്കുകയും ചെയ്ത ആരാച്ചാർ മരിച്ചു. നിരവധി കൊലയാളികളെയും ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെയും തൂക്കിലേറ്റിയ ആരാച്ചാരായ ഷാജഹാൻ ഭൂയാൻ(74) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടർന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൂയാൻ കുറഞ്ഞത് 26 വധശിക്ഷകൾ നടപ്പാക്കിയതായാണ് കരുതപ്പെടുന്നത്. അതേസമയം, അറുപത് പേർക്ക് ശിക്ഷ നടപ്പാക്കിയതായും പറയപ്പെടുന്നു. കൊലപാതകത്തിനും കവർച്ചക്കും 42 കൊല്ലത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇദ്ദേഹം ആരാച്ചാരായി മാറിയത്.
ആരാച്ചാർ എന്ന നിലയിൽ സന്നദ്ധസേവനം നടത്തി ജയിൽവാസം കുറയ്ക്കണമെന്ന ഇയാളുടെ അപേക്ഷ സ്വീകരിച്ചാണ് ആരാച്ചാരായി നിയമിതനായത്.
ബംഗ്ലാദേശിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ വധിച്ചതിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയത് ഭൂയാൻ ആയിരുന്നു. യുദ്ധക്കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയ നേതാക്കളായ അലി അഹ്‌സൻ മുജാഹിദ്, സലാഹുദ്ദീൻ ക്വദർ ചൗധരി, സീരിയൽ കില്ലർ ഇർഷാദ് ഷിക്ദർ എന്നിവരെയും തൂക്കിലേറ്റി. ഞാൻ അവരെ തൂക്കിലേറ്റിയില്ലെങ്കിൽ മറ്റൊരാൾ തൂക്കിലേറ്റും” എന്ന് പറഞ്ഞായിരുന്നു വധശിക്ഷയെ ഇയാൾ ന്യായീകരിച്ചിരുന്നത്.
തൂക്കിക്കൊല്ലൽ നടപടിക്രമത്തിൻ്റെ വിശദീകരണം ഉൾപ്പെടെയുള്ള അനുഭവങ്ങളെക്കുറിച്ചുള്ള ഇയാളുടെ ഒരു പുസ്തകം ഈ വർഷം ആദ്യം പുറത്തിറങ്ങിയിരുന്നു. ജയിൽ മോചിതനായ ശേഷം, ഭുയാൻ തന്നെക്കാൾ 50 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇത് നിരവധി നിയമനടപടികൾക്ക് കാരണമാകുകയും ചെയ്തു.
വിദ്യാർത്ഥി ജീവിതകാലത്ത് പ്രാദേശിക രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ഷാജഹാൻ അധികം വൈകാതെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുകയായിരുന്നു. കവർച്ച, കൊലപാതകം, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് 1991 ഡിസംബർ 17 ന് ഇദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. മാണിക്ഗഞ്ച് ജില്ലാ ജയിലിലിൽ രണ്ട് കേസുകളിൽ 42 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ശിക്ഷ കുറയ്ക്കാൻ ആരാച്ചാരാകാനുള്ള ആഗ്രഹം ജയിൽ അധികൃതരോട് പ്രകടിപ്പിക്കുകയായിരുന്നു.
പിന്നീട്, ഗഫർഗാവിൽ നിന്ന് നൂറുൽ ഇസ്ലാമിനെ തൂക്കിലേറ്റിയപ്പോൾ ആരാച്ചാരുടെ സഹായിയായി പ്രവർത്തിച്ചു. അധികം വൈകാതെ ഷാജഹാനെ മണിക്ഗഞ്ച് ജില്ലാ ജയിലിൽ നിന്ന് ധാക്ക സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ മുഖ്യ ആരാച്ചാർ സ്ഥാനം നൽകി.
ജയിൽ രേഖകൾ പ്രകാരം, ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ആറ് ഘാതകർ, നാല് യുദ്ധക്കുറ്റവാളികൾ, കുപ്രസിദ്ധ കുറ്റവാളി ഇർഷാദ് ഷിക്ദർ, തീവ്രവാദി നേതാവ് ബംഗ്ലാ ഭായ്, അതൗർ റഹ്മാൻ സണ്ണി, ഷർമിൻ റിമ വധക്കേസ് പ്രതികളായ ഖുകു, മുനീർ എന്നിവരുൾപ്പെടെ 26 പ്രമുഖ വ്യക്തികളുടെ വധശിക്ഷ നടപ്പാക്കിയത് ആരാച്ചാർ ഷാജഹാനാണ്. ഇത് അടക്കം അറുപതിലേറെ പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.