മയാമി – ലയണൽ മെസ്സിയുടെ സ്വകാര്യ അംഗരക്ഷകയായ യാസിൻ ച്യൂക്കോയെ ഇന്റർ മിയാമി മത്സരങ്ങൾക്കിടെ മൈതാനത്തിന്റെ ടച്ച് ലൈനിൽ പ്രവേശിക്കുന്നതിൽനിന്ന് മേജർ ലീഗ് സോക്കർ (എംഎൽഎസ്) വിലക്കി. എം.എൽ.എസ് മത്സരങ്ങളുടെ സുരക്ഷ കേന്ദ്രീകൃതമാക്കാൻ തീരുമാനിച്ച പശ്ചാതലത്തിലാണ് തീരുമാനം.
മുൻ നേവി ഉദ്യോഗസ്ഥനായ യാസിൻ ച്യൂക്കോയെ മിയാമി പരിശീലകൻ ഡേവിഡ് ബെക്കാമാണ് മെസിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായി നിയോഗിച്ചത്. മെസിയെ സുരക്ഷിതമാക്കുന്നതിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ് യാസിൻ. മത്സരത്തിനിടെ മൈതാനത്തിലേക്ക് ആളുകൾ പാഞ്ഞടുക്കുന്നത് തടയുന്നതും യാത്രയിലും മറ്റും മെസിയെ സുരക്ഷിതമാക്കുന്നതിലുമാണ് യാസീന്റെ ശ്രദ്ധ. മൈതാനത്തിന്റെ സൈഡ് വരകളിൽ യാസീന്റെ സാന്നിധ്യം ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ലോക്കർ റൂമുകളിലും മിക്സഡ് സോണുകളിലും മാത്രമായിരിക്കും യാസിന് പ്രവേശിക്കാൻ അനുവദിക്കുക.
“അവർ എന്നെ കളിക്കളത്തിൽ തുടരാൻ അനുവദിക്കുന്നില്ല,” ച്യൂക്കോ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഏഴ് വർഷമായി യൂറോപ്പിലായിരുന്നു, ലീഗ് 1 നും ചാമ്പ്യൻസ് ലീഗിനും വേണ്ടി ജോലി ചെയ്തു. അക്കാലത്ത് ആറു പേർ മാത്രമാണ് പിച്ചിൽ അതിക്രമിച്ചു കയറിയത്. ഞാൻ അമേരിക്കയിൽ എത്തി വെറും 20 മാസത്തിനുള്ളിൽ, 16 പേർ ഇതിനകം ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി. ഇവിടെ അങ്ങിനെ ഒരു പ്രശ്നമുണ്ട്. മെസിയെ സഹായിക്കാൻ സംഘാടകർ എന്നെ അനുവദിക്കണം- യാസിൻ പറഞ്ഞു.