ന്യൂദൽഹി – മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അതേസമയം, സി.ബി.ഐ കേസിൽ അറസ്റ്റിലായ കെജ്രിവാൾ ജയിലിൽ തുടരും. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 19-ന്റെ വ്യവസ്ഥയിൽ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് ഹർജി വിശാല ബെഞ്ചിന് റഫർ ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാൽ കെജ്രിവാൾ ജയിലിൽ തന്നെ തുടരും. ജൂൺ 25-നാണ് കെജ്രിവാളിനെ സിബിഐ അറ്സ്റ്റ് ചെയ്തത്.