ന്യൂദൽഹി: മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ജൂണിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. കെജ്രവാളിന്റെ ദീർഘമായ തടവ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഫയൽ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിച്ചതിനാൽ കെജ്രിവാളിന് ഉടൻ പുറത്തിറങ്ങാം. എന്നാൽ, ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന് തൻ്റെ ഓഫീസിലേക്കോ ദൽഹി സെക്രട്ടേറിയറ്റിലേക്കോ പോകാനോ ഫയലുകളിൽ ഒപ്പിടാനോ കഴിയില്ല.
വെള്ളിയാഴ്ച രാവിലെ നടന്ന ഹ്രസ്വമായ സെഷനിൽ ജസ്റ്റിസ് ഉജ്ജൽ ഭൂയാനും ജസ്റ്റിസ് സൂര്യ കാന്തും കെജ്‌രിവാളിൻ്റെ രണ്ട് ഹർജികളിൽ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ഇരുവരും കെജ്രിവാളിനെ വിട്ടയക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
“അടുത്ത കാലത്തൊന്നും വിചാരണ പൂർത്തിയാക്കാൻ സാധ്യതയില്ല” എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലങ്കാന രാഷ്ട്രീയ നേതാവ് കെ കവിത എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.