മനാമ – 2010 മുതല്‍ ബഹ്‌റൈന്‍ പൗരത്വം നേടിയവരുടെ പട്ടിക പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വം ലഭിച്ചവരുടെ കേസുകളുമായി ബന്ധപ്പെട്ട് നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് നടത്തിയ അന്വേഷണത്തിലും പുനഃപരിശോധനയിലും ഏതാനും പേര്‍ വ്യാജ വിവരങ്ങളും വ്യാജ രേഖകളും സമര്‍പ്പിച്ച് ബഹ്‌റൈന്‍ പൗരത്വം നേടിയതായി വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2010 മുതല്‍ ബഹ്‌റൈന്‍ പൗരത്വം നേടിയവരുടെ മുഴുവന്‍ കേസുകളും പുനഃപരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി പ്രത്യേക സമിതി രൂപീകരിച്ചത്. ബഹ്‌റൈന്‍ പൗരത്വം അനുവദിക്കാന്‍ അവലംബിച്ച വിവരങ്ങളുടെയും രേഖകളുടെയും നിജസ്ഥിതി സമിതി ഉറപ്പുവരുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.