അറഫ – അറഫ ജബലുറഹ്മ ആശുപത്രിയില്‍ പാക് തീര്‍ഥാടക പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അറഫ സംഗമത്തിനിടെ പ്രസവവേദന ആരംഭിച്ച 34 കാരിയെ ഉടന്‍ തന്നെ ജബലുറഹ്മ ആശുപത്രിയിലെത്തിക്കുയായിരുന്നു. ഇത്തവണ അറഫയില്‍ വെച്ച് പിറന്ന ആദ്യ കുഞ്ഞിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.
അറഫ ഖുതുബ വിവര്‍ത്തനം പ്രയോജനപ്പെടുത്തിയത് 62 കോടി പേര്‍
അറഫ – അറഫ ഖുതുബ തത്സമയ വിവര്‍ത്തന പദ്ധതി വന്‍ വിജയകരമായി മാറിയതായി ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. ഇത്തവണ 20 ഭാഷകളിലേക്കാണ് അറഫ ഖുതുബ തത്സമയം വിവര്‍ത്തനം ചെയ്തത്. ഇത് ലോകത്തെങ്ങുമുള്ള 62.1 കോടി പേര്‍ പ്രയോജനപ്പെടുത്തി. ഇത് പുതിയ റെക്കോര്‍ഡ് ആണ്. ചരിത്രത്തില്‍ ആദ്യമായാണ് അറഫ ഖുതുബ തത്സമയ സേവനം ഇത്രയും പേര്‍ പ്രയോജനപ്പെടുത്തുന്നതെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
അറഫയില്‍ 16 കൂറ്റന്‍സ്‌ക്രീനുകള്‍
അറഫ – ഹാജിമാര്‍ക്ക് ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ട് മശാരിഖ് അല്‍മാസിയ ഹജ് സര്‍വീസ് കമ്പനി അറഫയില്‍ തീര്‍ഥാടകരുടെ തമ്പുകളില്‍ 16 കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചു. മൂന്നു മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ഉയരവുമുള്ള സ്‌ക്രീനുകളാണ് സ്ഥാപിച്ചതെന്ന് കമ്പനി ചെയര്‍മാന്‍ അലി ബുന്ദുഖ്ജി പറഞ്ഞു.