ജിദ്ദ – സൗദിയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.8 വയസ് ആയി ഉയര്‍ന്നതായി ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴിനാണ് ലോകാരോഗ്യ ദിനാചരണം. വാഗ്ദാനപൂര്‍ണമായ ഭാവിക്ക് ആരോഗ്യകരമായ തുടക്കം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനാചരണ പ്രമേയം. 2016 ല്‍ സൗദിയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ് ആയിരുന്നു.
ആരോഗ്യവും ക്ഷേമവും ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030ന്റെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കരണങ്ങളും നടപടികളുമാണ് ഈ നേട്ടത്തിന് കാരണം. ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നടത്ത സംസ്‌കാരം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പ്രത്യേക സംരംഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും അവബോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുജനാരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സഹായിച്ചു.
2030 ആകുമ്പോഴേക്കും ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസ് ആയി ഉയര്‍ത്തുക എന്ന തന്ത്രപരമായ ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കുന്നു. ആരോഗ്യ മന്ത്രാലയം നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ഹൈഡ്രജനേറ്റഡ് എണ്ണകളുടെ ഉപയോഗം ഇല്ലാതാക്കുക, ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് കുറക്കുക, ഭക്ഷ്യ ഉല്‍പന്നങ്ങളിലും റസ്റ്റോറന്റുകളിലും കലോറി ലേബലിംഗ് നിര്‍ബന്ധമാക്കുക എന്നിവ അടക്കമുള്ള ആരോഗ്യ, പോഷകാഹാര പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനം കുറക്കാനും ഈ പരിഷ്‌കാരങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ആരോഗ്യ അവബോധ പരിപാടികള്‍ വിപുലീകരിച്ചും രോഗങ്ങളുടെയും ട്യൂമറുകളുടെയും പ്രാരംഭ കണ്ടെത്തല്‍ ഊര്‍ജിതമാക്കിയും പ്രതിരോധ, ചികിത്സാ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യ മന്ത്രാലയ തുടരുന്നു. ആരോഗ്യകരവും കൂടുതല്‍ സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനായി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും വിട്ടുമാറാത്ത രോഗബാധാ നിരക്ക് കുറക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ ശ്രമങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.