ന്യൂ ഓർലിയൻസ്(യു.എസ്)- പുതുവത്സര ദിനത്തിൽ അമേരിക്കയിലെ ഫ്രഞ്ച് ക്വാർട്ടറിൽ ആഘോഷം നടത്തുന്നവർക്ക് നേരെ ട്രക്ക് ഓടിച്ചുകയറ്റിയുണ്ടാക്കിയ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ടെക്‌സാസിൽ നിന്നുള്ള മുൻ സൈനിക ഉദ്യോഗസ്ഥൻ ഷംസുദ്ദീൻ ജബ്ബാർ(42) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ട്രക്കിൽനിന്ന് ഐസിസ് പതാക കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ഇയാൾ പോലീസിന്റെ തിരിച്ചടിയിൽ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിൽ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഗീതത്തിനും ബാറുകൾക്കും പേരുകേട്ട ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രമായ കനാൽ, ബർബൺ സ്ട്രീറ്റുകളുടെ കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 3:15 (പ്രാദേശിക സമയം)നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഒരാൾ മാത്രമല്ലെന്നും മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ വാഹനത്തിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തി. ഫ്രഞ്ച് ക്വാർട്ടറിൽ രണ്ട് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കിയതായും എഫ്.ബി.ഐ അറിയിച്ചു.
വാടകയ്‌ക്കെടുത്ത വാഹനം ഉപയോഗിച്ചാണ് അക്രമി ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്.
ഹൂസ്റ്റണിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജബ്ബാർ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്.
ഹ്യൂസ്റ്റണിൽ നിന്ന് 80 മൈൽ (130 കിലോമീറ്റർ) കിഴക്കുള്ള ബ്യൂമോണ്ടിൽ ജനിച്ച് വളർന്ന ജബ്ബാർ പത്തുവർഷം അമേരിക്കൻ സൈന്യത്തിൽ ഹ്യൂമൻ റിസോഴ്‌സ്, ഐടി സ്പെഷ്യലിസ്റ്റ് എന്നീ വകുപ്പുകളിലാണ് ജോലി ചെയ്തിരുന്നത്. 2007 മാർച്ച് മുതൽ 2015 ജനുവരി വരെ സാധാരണ സൈന്യത്തിലും 2015 ജനുവരി മുതൽ 2020 ജൂലൈ വരെ ആർമി റിസർവിലുമാണ് ജോലി ചെയ്തിരുന്നത്. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെയാണ് അഫ്ഗാനിൽ ജോലി ചെയ്തിരുന്നത്.
സ്റ്റാഫ് സർജൻ്റ് പദവിയിൽനിന്നാണ് വിരമിച്ചത്. ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. നിന്ദ്യമായ പ്രവൃത്തിയാണ് ഇതെന്ന് ബൈഡൻ കുറ്റപ്പെടുത്തി.
അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ന്യൂ ഓർലിയൻസ്. ജോർജിയ സർവകലാശാലയിലെയും നോട്രെ ഡാമിലെയും ടീമുകൾ ഉൾപ്പെടുന്ന ഷുഗർ ബൗൾ എന്നറിയപ്പെടുന്ന ഒരു പ്രധാന ഫുട്ബോൾ മത്സരത്തില് നഗരം ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.