ജിദ്ദ – യെമനില്‍ ഹദ്‌റമൗത്ത് പ്രവിശ്യയിലെ സീയൂന്‍ നഗരത്തില്‍ സഖ്യസേനാ മിലിട്ടറി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു സൗദി സൈനികര്‍ വീരമൃത്യുവരിക്കുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്‌പോര്‍ട്‌സ് പരിശീലനത്തിനിടെ സൈനികരെ ലക്ഷ്യമിട്ട് യെമന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. വീരമൃത്യുവരിച്ച സൈനികരുടെ മയ്യിത്തുകളും പരിക്കേറ്റ സൈനികനെയും സൗദിയില്‍ എത്തിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പ്രേരകങ്ങളും കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണം യെമന്‍ പ്രതിരോധ മന്ത്രാലയവുമായി ഏകോപനം നടത്തി സഖ്യസേന നിരീക്ഷിച്ചുവരികയാണ്. അക്രമിയെ പിടികൂടാനും നിയമത്തിനു മുന്നില്‍ ഹാജരാക്കാനും സഖ്യസേന സമഗ്രമായ അന്വേഷണം നടത്തുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
സൗദി സൈനികര്‍ കൊല്ലപ്പെട്ടതില്‍ ബഹ്‌റൈന്‍ വിദേശ മന്ത്രാലയം അനുശോചനം അറിയിച്ചു. ഈ വലിയ ദുരന്തത്തില്‍ സൗദി അറേബ്യയോടുള്ള ഐക്യദാര്‍ഢ്യവും സഹതാപവും ബഹ്‌റൈന്‍ വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു. മാനുഷിക, വികസന മേഖലകളില്‍ യെമനില്‍ സഖ്യസേന നടത്തുന്ന പ്രവര്‍ത്തനങ്ങളെയും നിയമാനുസൃത യെമന്‍ ഗവണ്‍മെന്റിന് പിന്തുണ നല്‍കാന്‍ സഖ്യസേനക്ക് നേതൃത്വം നല്‍കി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെയും യെമന്‍ പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ മുന്നോട്ടുവെച്ച പദ്ധതിയെയും വിലമതിക്കുന്നതായും ബഹ്‌റൈന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
സൗദി സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശ മന്ത്രാലയവും അപലപിച്ചു. മേഖലാ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂര്‍ണമായും പിന്തുണക്കുമെന്നും സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും കുവൈത്ത് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ യു.എ.ഇയും അപലപിച്ചു. സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന, അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ എല്ലാതരം അക്രമ സംഭവങ്ങളെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നു. യെമനില്‍ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ സഖ്യസേനക്കൊപ്പം പ്രവര്‍ത്തിക്കുന്ന സൗദി സൈന്യത്തോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. രാജ്യസുരക്ഷയും സൈനികരുടെയും പൗരന്മാരുടെയും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും പിന്തുണക്കുമെന്നും യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു.
സൗദി സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും അപലപിച്ചു. യെമന്റെ സ്ഥിരതയും സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന നിലക്ക് മാനുഷിക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി സഖ്യസേന വലിയ പ്രയത്‌നങ്ങളാണ് നടത്തുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ആക്രമണത്തെ യെമന്‍ ഗവണ്‍മെന്റും ശക്തിയായി അപലപിച്ചു. നീചമായ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. കുറ്റവാളിയെ പിടികൂടാനും ഹീനമായ കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താനും യെമന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും. ന്യായവും കടുത്തതുമായ ശിക്ഷ ലഭിക്കുന്നതിന് ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരെയും നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കുമെന്നും യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ഇര്‍യാനി പറഞ്ഞു. അറബ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അഹ്മദ് അല്‍യമാഹിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
ലെഫ്. വലീദ് അല്‍ബലവിയും സാര്‍ജന്റ് നാസിര്‍ അല്‍അതവിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും മയ്യിത്തുകള്‍ യെമനില്‍ നിന്ന് തബൂക്കിലെത്തിച്ചു. തബൂക്ക് അല്‍ബാസിഇ മസ്ജിദില്‍ ഇന്ന് ദുഹ്ര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്തുകള്‍ ഖബറടക്കി. മുതിര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും അനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു.