കൊൽക്കത്ത: അവിഹിത ബന്ധം ആരോപിച്ച് പശ്ചിമബംഗാളിൽ യുവാവിനും യുവതിക്കും നേരെ അതിക്രൂരമായ ആക്രമണം. ആൾക്കൂട്ടം നോക്കിനിൽക്കെ തെരുവിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ ഒരാൾ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ നിന്നുള്ളതാണ് വീഡിയോ.
ആൾക്കൂട്ടം നിശബ്ദമായി നോക്കിനിൽക്കെ, ഒരു പുരുഷൻ സ്ത്രീയെ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. വേദന കൊണ്ട് സ്ത്രീ നിലവിളി തുടരുന്നതിനിടെ അക്രമി മർദ്ദനം തുടരുന്നുണ്ട്. പിന്നീട് അയാൾ ഒരു പുരുഷനെയും മർദ്ദിച്ചു. ഒരു ഘട്ടത്തിൽ സ്ത്രീയുടെ മുടി പിടിച്ച് ഇയാൾ ദേഹത്ത് ചവിട്ടുകയും ചെയ്യുന്നുണ്ട്. ആക്രമണം തടയുന്നതിന് പകരം ആൾക്കൂട്ടം ആക്രമിയെ സഹായിക്കുകയും ചെയ്തു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷമായ ബി.ജെ.പിയും സി.പിഎമ്മും രംഗത്തെത്തി. തൃണമൂലുമായി ബന്ധമുള്ളതും പ്രാദേശിക തർക്കങ്ങൾക്ക് “തൽക്ഷണ നീതി” നൽകുന്നതുമായ പ്രാദേശിക സംഘമായ തജമുൽ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ലോക്കൽ പോലീസ് അറിയിച്ചു.
പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ ഭരണത്തിൻ്റെ വൃത്തികെട്ട മുഖമാണിതെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപി പറഞ്ഞു.
ഒരു സ്ത്രീയെ നിഷ്കരുണം മർദിക്കുന്ന വീഡിയോയിലെ യുവാവ് തജമുൽ സംഘത്തിലുള്ളതാണ്. ചോപ്ര എം.എൽ.എ ഹമീദുർ റഹ്മാൻ്റെ അടുത്ത അനുയായിയാണ് ഇയാളെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. ടി.എം.സി ഭരിക്കുന്ന പശ്ചിമ ബംഗാളിലെ ശരീഅത്ത് കോടതികളുടെ യാഥാർത്ഥ്യത്തിലേക്ക് ഇന്ത്യ ഉണരണമെന്നും ബി.ജെ.പി ആരോപിച്ചു.