കൊച്ചി- റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തക രണ്ട് മാസങ്ങൾക്ക് മുമ്പ് ഉന്നയിച്ച ലൈംഗികാരോപണത്തിന് ഇപ്പോൾ മറുപടിയുമായി മാധ്യമപ്രവർത്തകൻ അരുൺ കുമാർ.
റിപ്പോർട്ടർ ചാനൽ അധികൃതരുടെ സ്ത്രീവിരുദ്ധ ഇടപെടലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനെ തുടർന്നായിരുന്നു അരുണിന്റെ വിശദീകരണം. അതിനിടെ മറ്റൊരു മുൻ ജീവനക്കാരിയും തന്റെ ദുരനുഭവം ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.
“വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്.”- അരുൺകുമാർ പറഞ്ഞു. എന്നാൽ, ഇതിനെതിരെ യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എങ്കിലും അന്വേഷണം ആരംഭിക്കാൻ തയ്യാറാണെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ഈ വിഷയം വലിയ ചർച്ച ആയതിനു പിന്നാലെയാണ് മറുപടിയുമായി അരുൺ കുമാർ രംഗത്ത് വന്നത്. പരാതികരിക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകുന്നെന്നും ‘വു കെയേഴ്‌സ്’ എന്നതായിരിക്കില്ല നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് വി ടി ബൽറാം അടക്കം നിരവധി നേതാക്കളും ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. മാധ്യമപ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്രമല്ല, പരാതിപ്പെടുന്നതിൽ നിന്ന് അതിജീവിതയെ പിന്തിരിപ്പിച്ച മറ്റ് സീനിയർ മാധ്യമപ്രവർത്തകരും രാജിവയ്പ്പിക്കാൻ സാഹചര്യം സൃഷ്ടിച്ച റിപ്പോർട്ടർ ചാനൽ മാനേജ്മെന്റും ഇതിൽ കുറ്റക്കാരാണെന്ന് വി ടി ബൽറാം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗികാരോപണം നടത്തുന്ന സ്ത്രീകൾ പരാതി പറയാൻ ഭയക്കുന്നത് ഭവിഷ്യത്ത് ആലോചിച്ചിട്ടാണെന്നും ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അരുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രാജിവച്ചു പുറത്തുപോയ ഒരു വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. എക്സിറ്റ് അഭിമുഖത്തിലോ ICC യ്ക്കു മുന്നിലോ ഒരു പരാതിയും ലഭിച്ചതായി കാണുന്നില്ല. രാജിക്കത്തിൽ പോലും മറ്റൊന്നും ചൂണ്ടികാണിച്ചിട്ടുമില്ല. എങ്കിലും ഞങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാം എന്നാണ് എൻ്റെയും എഡിറ്റോറിയൽ ടീമിൻ്റെയും നിലപാട് . ഡസ്കും ഫ്ലോറും പൂർണമായും സിസിടിവി നിരീക്ഷണത്തിലായതിനാൽ ദൃശ്യങ്ങൾ എടുക്കാനും തെളിവായി തുടർ നിയമ നടപടികൾക്ക് വിധേയമാക്കാനും കഴിയും. സ്ത്രീകൾക്ക് എതിരെയുള്ള ഒരതിക്രമത്തെയും പിന്തുണയ്ക്കില്ല. പോലീസ് സ്റ്റേഷനിലോ അതല്ലെങ്കിൽ HR നോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, എൻ്റെ മെയിലിലോ പരാതി ഇനിയും നൽകാവുന്നതാണ്.എല്ലാ പിന്തുണയും ഉറപ്പു തരുന്നു. Who cares എന്നതായിരിക്കില്ല നിലപാട്.
സ്നേഹം, നന്ദി.
അരുൺ കുമാർ.
https://www.facebook.com/share/p/19MP39Kr42/