പൗരന്മാരില്‍ ദേശീയബോധവും ദേശസ്‌നേഹവും ആവോളമുയര്‍ത്തി സൗദി അറേബ്യ ഇന്ന് തൊണ്ണൂറ്റിനാലാം ദേശീയദിനാഘോഷ നിറവില്‍. സൗദി പൗരന്മാര്‍ മാത്രമല്ല, അന്നംതേടി ഇന്നാട്ടിലെത്തിയ ഒന്നേകാല്‍ കോടിയിലേറെ വരുന്ന, 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും ദേശീയദിനാഘോഷം സമുചിതമായി ആഘോഷിക്കുകയും സ്വദേശികള്‍ക്കൊപ്പം സന്തോഷവും ആഹ്ലാദവും പങ്കിടുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ഹരിതവര്‍ണമണിഞ്ഞിരിക്കുന്നു. പ്രധാന നഗരങ്ങളിലെ തെരുവോരങ്ങളില്‍ ആയിരക്കണക്കിന് ദേശീയ പതാകകള്‍ പാറിക്കളിക്കുന്നു.
സൗദി ഭരണാധികാരികളുടെ കൂറ്റന്‍ ഫോട്ടോകളും രാജ്യത്തിനും ഭരണാധികാരികള്‍ക്കും ആശംസകളും അടങ്ങിയ ബില്‍ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഫുട്പാത്തുകളും വലിയ കെട്ടിടങ്ങളും അലങ്കരിക്കുന്നു. ദിവസങ്ങള്‍ നീളുന്ന, വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. മന്ത്രാലയങ്ങളും നഗരസഭകളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ദേശീയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
വിശ്രമമെന്താണെന്നറിയാത്ത 32 വര്‍ഷം നീണ്ട വീരോചിതമായ പോരാട്ടങ്ങളിലൂടെ, ചിന്നിച്ചിതറിക്കിടന്ന, അരക്ഷിതാവസ്ഥ കൊടികുത്തിവാണിരുന്ന നാട്ടുരാജ്യങ്ങളും ഗോത്രഭരണ പ്രദേശങ്ങളുമായ പ്രവിശാലമായ ഭൂപ്രദേശത്തെ സത്യസാക്ഷ്യവാക്യത്തിന്റെ കൊടിക്കൂറക്കു കീഴില്‍ ഏകീകൃത രാജ്യമാക്കിയും രാജ്യത്തിന് സൗദി അറേബ്യയെന്ന് നാമകരണം ചെയ്തുമുള്ള ചരിത്ര പ്രഖ്യാപനം ആധുനിക രാഷ്ട്ര ശില്‍പി അബ്ദുല്‍ അസീസ് രാജാവ് നടത്തിയത് 1932 സെപ്റ്റംബര്‍ 23 ന് ആയിരുന്നു. രാഷ്ട്രീയ സ്ഥിരതയുടെയും സുരക്ഷയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും യുഗത്തിനാണ് അതോടെ തുടക്കമായത്.
തൊട്ടടുത്ത വര്‍ഷം 1933 ല്‍ സൗദിയില്‍ ആദ്യമായി എണ്ണ പര്യവേക്ഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എണ്ണ ശേഖരങ്ങള്‍ കണ്ടെത്തുന്നതില്‍ തൃപ്തികരമായ ഫലങ്ങള്‍ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഐന്‍ ജിത്ത് എന്ന പേരുള്ള പ്രദേശത്ത് വെള്ളക്കിണറിനു സമീപം എണ്ണ പര്യവേക്ഷണം ആരംഭിക്കാന്‍ വിദഗ്ധര്‍ തീരുമാനിക്കുകയും 5,000 അടി താഴ്ചയില്‍ എണ്ണ ശേഖരം കണ്ടെത്തുകയുമായിരുന്നു. ഹിജ്‌റ 1319 ല്‍ വിപ്രവാസം നയിച്ചിരുന്ന കുവൈത്തില്‍ നിന്ന് റിയാദ് കീഴടക്കാനുള്ള യാത്രാമധ്യേ ഈ പ്രദേശത്ത് അബ്ദുല്‍ അസീസ് രാജാവ് തങ്ങിയിരുന്നു.
അബ്ദുല്‍ അസീസ് രാജാവിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ ചടങ്ങില്‍ വെച്ച് സൗദിയില്‍ ആദ്യമായി എണ്ണ പമ്പ് ചെയ്യാന്‍ തുടങ്ങി. ഇത് രാജ്യത്തിന്റെ സമൂല വികസനത്തിന്റെയും അഭിവൃദ്ധിയുടെയും നാന്ദിയായിരുന്നു. 1373 മുഹറം മാസത്തില്‍ തായിഫിലെ താമസ കാലത്ത് അബ്ദുല്‍ അസീസ് രാജാവിന്റെ രോഗം കശലാവുകയും റബീഉല്‍അവ്വല്‍ രണ്ടിന് (1953 നവംബര്‍ 9) പുലര്‍ച്ചെ രാജാവ് ഇഹലോകവാസം വെടിയുകയും ചെയ്തു. മധ്യറിയാദിലെ അല്‍ഊദ് ഖബര്‍സ്ഥാനില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മയ്യിത്ത് ഖബറടക്കി.
തുടര്‍ന്ന് മക്കളായ സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് എന്നിവര്‍ ഭരണം കൈയാളി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഭരണകാലത്തിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചതോടെ ഭരണചക്രത്തിന് യുവത്വത്തിന്റെ ചൂടും ചുറുചുറുക്കും ഗതിവേഗവും കൈവന്നു. ഇന്ന് രാജ്യത്ത് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാവരും ചെറുപ്പക്കാരാണ്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടത്തിത്തില്‍ രാജ്യത്തെ എത്തിച്ചു.
കിരീടാവകാശിയുടെ ദര്‍ശനം സൗദി ജനതക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. വനിതകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലൂടെയും സാങ്കേതികവിദ്യയും നൂതനായശങ്ങളും പൊരുത്തപ്പെടുത്തിക്കൊണ്ടും സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ വൈവിധ്യവല്‍ക്കരിക്കാമെന്നതിനുള്ള ആഗോള മാതൃക കിരീടാവകാശി വരച്ചുകാട്ടി.
2016 ഏപ്രില്‍ 25 ന് വിഷന്‍ 2030 ന് സമാരംഭം കുറിച്ച ശേഷം സൗദി അറേബ്യ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുകയും നിരവധി സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സാമ്പത്തിക, നിയമനിര്‍മാണ, വികസന തലങ്ങളില്‍ ഘടനാപരമായ നിരവധി മാറ്റങ്ങള്‍ക്ക് പോയ വര്‍ഷങ്ങളില്‍ രാജ്യം സാക്ഷ്യം വഹിച്ചു. സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ വന്‍ മാറ്റങ്ങളും പരിഷ്‌കരണങ്ങളുമുണ്ടായി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഭരണ നേതൃത്വത്തില്‍ സമഗ്ര ദേശീയ ദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ വികസന പദ്ധതികളോടെ രാജ്യം മഹത്വം നേടുകയും ഒന്നിനു പിറകെ മറ്റൊന്നായി നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.
മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ ഉള്‍ക്കൊള്ളുന്ന എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് മാറി ശക്തവും വൈവിധ്യപൂര്‍ണവും സുസ്ഥിരവുമായ ഒരു സാമ്പത്തിക മാതൃക കെട്ടിപ്പടുക്കാന്‍ സാധിച്ചു എന്നതാണ് വിഷന്‍ 2030 ന്റെ ഏറ്റവും വലിയ നേട്ടം. ഇതിന്റെ ഭാഗമായി പെട്രോളിതര മേഖലക്ക് ഉത്തേജനം നല്‍കുകയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ലോകത്തെ മുന്‍നിര നിക്ഷേപ സ്ഥാപനമാക്കി മാറ്റുകയും ഫണ്ടിന്റെ ആസ്തികള്‍ ഏഴു ട്രില്യണ്‍ റിയാലായി ഉയര്‍ത്തുകയും ലോകമെങ്ങും നിക്ഷേപങ്ങള്‍ നടത്തുന്ന വന്‍കിട വ്യവസായ കമ്പനിയായി എണ്ണയുല്‍പാദന കമ്പനിയായ അറാംകൊയെ മാറ്റുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പെട്രോളിതര ആഭ്യന്തരോല്‍പാദനം 1.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 50 ശതമാനമായിരുന്നു.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് നിലയില്‍ കുറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്. 2017 ല്‍ ഇത് 12.8 ശതമാനമായിരുന്നു. കുറഞ്ഞ കാലയളവില്‍ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നടപ്പാക്കിയ അഭൂതപൂര്‍വമായ പരിഷ്‌കരണങ്ങളാണ് 2030 എക്‌സ്‌പോ, 2034 ലോകകപ്പ് സംഘാടന ചുമതലകള്‍ രാജ്യത്തിന് ലഭിക്കാന്‍ അവസരമൊരുക്കിയത്. കുറഞ്ഞ കാലയളവില്‍ വനിതാ ശാക്തീകരണ മേഖലയില്‍ വലിയ ചുവടുവെപ്പുകള്‍ രാജ്യം നടത്തി. പുരുഷ രക്ഷാധികാരിയുടെ നിഴലിലല്ലാതെ സ്വതന്ത്രമായി ബിസിനസ് ചെയ്യാനും വിദേശ യാത്ര നടത്താനും രാഷ്ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാകാനും സ്ത്രീകള്‍ക്ക് അവസരമൊരുങ്ങി. സ്വകാര്യ, പൊതുമേഖലകളില്‍ നിരവധി വനിതകള്‍ ഉന്നത പദവികള്‍ വഹിക്കുന്നു. അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം സൗദി വനിതകള്‍ അംബാസഡര്‍മാരായി സേവനമനുഷ്ഠിക്കുന്നു. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ക്കിടെയും അടിസ്ഥാന മൂല്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയാറല്ലെന്ന കാര്യം സൗദി ഭരണാധികാരികള്‍ അര്‍ഥശങ്കക്കിടമില്ലാത്തവിധം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള യാത്ര ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും തുടരുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഒമ്പതാമത് ശൂറാ കൗണ്‍സിലിന്റെ ഒന്നാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സ്വന്തം ഉടമസ്ഥതയില്‍ പാര്‍പ്പിടങ്ങളുള്ള സ്വദേശികളുടെ അനുപാതം 2017 ല്‍ 47 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 63 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടൂറിസം മേഖലയില്‍ ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചു. 2030 ല്‍ പത്തു കോടി ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് 2019 ല്‍ ദേശീയ ടൂറിസം തന്ത്രം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ ഈ ലക്ഷ്യം മറികടന്നു. 2023 ല്‍ ടൂറിസ്റ്റുകള്‍ 10.9 കോടിയായി ഉയര്‍ന്നു. പ്രതിവര്‍ഷം പതിനഞ്ചു കോടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നിലക്ക് വിനോദസഞ്ചാര വ്യവസായ മേഖലയിലെ ലക്ഷ്യം ഇപ്പോള്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.
വായനക്കാർക്ക് ദ മലയാളം ന്യൂസിന്റെ സൗദി ദേശീയ ദിനാശംസകൾ.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ ലോകത്ത് മുന്‍നിര സ്ഥാനം കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു. പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന രാജ്യമായി സൗദി അറേബ്യ മാറി. നേട്ടങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഫലമായി ലോകത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാജ്യത്തിനായി. വന്‍കിട കമ്പനികളുടെയും ആഗോള സെന്ററുകളുടെയും ആദ്യ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാക്കി ഇത് രാജ്യത്തെ മാറ്റി. 2030 എക്‌സ്‌പോ ആതിഥേയത്വത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുക്കാന്‍ ഇത് സഹായിച്ചു. 2034 ലോകകപ്പ് സംഘടിപ്പിക്കാന്‍ രാജ്യം തയാറെടുത്തുവരികയാണ്.
ഫലസ്തീന്‍ പ്രശ്‌നത്തിന് ഏറ്റവും വലിയ പരിഗണനയാണ് രാജ്യം നല്‍കുന്നത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുന്ന മാര്‍ഗത്തില്‍ സൗദി അറേബ്യ അശ്രാന്ത പരിശ്രമം തുടരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കില്ലെന്നും കിരീടാവകാശി പറഞ്ഞു.