ന്യൂദൽഹി- കേരളത്തിൽനിന്ന് ഒഴിവുവരുന്ന രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് പ്രതിനിധി ഹാരിസ് ബീരാനെ കുറിച്ച് ദൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.
കുറിപ്പ് വായിക്കാം
കപിൽ സിബലിന്റെ ‘വാർ റൂമിൽ’ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ദുഷ്യന്ത് ദാവേയുടെ പ്രിയ ജൂനിയർ; അഡ്വ. ഹാരിസ് ബീരാൻ. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഡൽഹിയിലെ ഒരേയൊരു വക്കീൽ ഓഫീസ് സുപ്രീം കോടതിയിലെ നിർണ്ണായകമായ പല തിരഞ്ഞെടുപ്പുകളിലും വാർ റൂമായി മാറിയത് ഇത്രയും നാൾ യാദൃശ്ചികമായിരുന്നു. എന്നാൽ 16 വർഷങ്ങൾക്കിപ്പുറം അതേ ഓഫീസ് ഒരു രാജ്യസഭ എംപിയുടെ ഓഫിസായി മാറാനിരിക്കുമ്പോൾ അതിന് ലീഗ് രാഷ്ട്രീയത്തിൽ കൗതുകമേറെയുണ്ട്.
സുപ്രീം കോടതിയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുകളിൽ വാർ റൂമായിരുന്ന ഡൽഹിയിലെ ആ ഓഫീസ് ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാന്റെയാണ്. ദുഷ്യന്ത് ദാവേ മുതൽ കപിൽ സിബൽ വരെയുള്ള ബാർ അസോസിയേഷൻ നേതാക്കളുടെ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക ചർച്ചകൾക്കും ആലോചനകൾക്കും കേന്ദ്രമായ ഇടം. രാജ്യം ലോകസഭാ തെരഞ്ഞെടുപ്പ് ലഹരിയിൽ ആയിരുന്നപ്പോൾ സുപ്രീം കോടതിയിൽ ഇക്കുറി അതിലും വാശിയേറിയ മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അതിൽ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സിബലിന്റെ വാർ റൂം സ്ട്രാറ്റജിസ്റ്റുകളിലൊരാളാണ് ഇത്തവണ കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ഹാരിസ് ബീരാൻ.
പുറത്തു നടക്കുന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ ചൂട് പല വിധേന സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ക്യാമ്പുകളിലും പ്രതിഫലിച്ചിരുന്നു. സിബലിന്റെ പരാജയത്തിനായി വലത് ശക്തികൾ നിലയുറപ്പിച്ചതോടെയാണ് മത്സരം അസാധാരണമായത്. ശക്തമായ തന്ത്രങ്ങളും പൊതു സ്വീകാര്യതയും കൂട്ടായി സിബൽ വിജയിച്ചു കയറിയപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന് അത് നൽകിയ ഊർജ്ജം ചെറുതല്ല.
സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോളെല്ലാം ഹാരിസ് ബീരാന്റെ ഡൽഹിയിലെ വക്കീൽ ഓഫീസായിരുന്നു ദാവേയുടെ വാർ റൂം. ദാവേയുടെ ജൂനിയറായാണ് സുപ്രീം കോടതിയിലെ ഹാരിസിന്റെ പ്രാക്ടീസ് തുടക്കം.
2005ലാണ് ഹാരിസിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത്. ഗുലാം വാഹൻവതി ഇന്ത്യയുടെ അറ്റോർണി ജനറൽ ആയിരുന്ന കാലയളവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിഭാഷകനായി ഹാരിസ് എത്തിയതോടെയോടെ ഞങ്ങളുടെ സൗഹൃദം ദൃഢമായി. മൂന്നാർ കേസുകളിലും, വേമ്പനാട് കായൽ സംരക്ഷണത്തിലും ഹാരിസ് സ്വീകരിച്ച പരിസ്ഥിതി സൗഹൃദ നിലപാടുകൾ അധികമാരും അറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.
ഏറ്റെടുക്കുന്ന കേസുകളിൽ ഹാരിസ് പുലർത്തുന്ന പ്രൊഫഷണലിസം, ആത്മാർത്ഥത എന്നിവ അടുത്ത് നിന്ന് കണ്ടിട്ടുള്ളതാണ്. രാജ്യസഭാ അംഗമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹാരിസിന് വിശാലമായ അനുഭവ പരിചയവും ബന്ധങ്ങളും മുതൽക്കൂട്ടാകുമെന്നുറപ്പാണ്. ഹാരിസ് എം.പിയാകുന്നത് ലീഗിന് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ഡൽഹിയിൽ ഞാൻ മാധ്യമ പ്രവർത്തനം ആരംഭിക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ മുസ്ലിം ലീഗിന്റെ നേതൃത്വം ഇ. അഹമ്മദിനായിരുന്നു. വിരലിലെണ്ണാവുന്ന എം.പിമാർ മാത്രമുണ്ടായിരുന്ന ലീഗിന് ദേശിയ രാഷ്ട്രീയത്തിൽ കക്ഷി ഭേദമെന്യേ അംഗീകാരം നേടുന്നതിൽ ഹാരിസ് ബീരാന്റെ പങ്ക് വളരെ വലുതായിരുന്നു. ഇ. അഹമ്മദിന്റെ ഇഫ്താർ വിരുന്നുകൾ ഡൽഹി രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യത്തിന്റെ നയതന്ത്ര വിഷയങ്ങളിൽ പോലും വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗം ലീഗിന് ഡൽഹിയിലുണ്ടാക്കിയ ശൂന്യത നികത്താനാകാത്തതായിരുന്നു. ഹാരിസിലൂടെ ലീഗിന് പഴയ പ്രതാപം ഡൽഹിയിൽ ലഭിക്കുമെന്നാണ് എൻ്റെ വിലയിരുത്തൽ. അത് യാഥാർഥ്യമാകുമോയെന്ന് കാലം തെളിയിക്കട്ടെ.
ഏതായാലും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഡൽഹിയിലെ ആ വക്കീൽ ഓഫീസ് ലീഗ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ഇടപെടലുകളുടെ കേന്ദ്രമാകട്ടെയെന്ന് പ്രതീക്ഷിക്കാം.