കൊച്ചി- സിനിമയിലെ ലൈംഗീക വിവാദത്തിൽ പ്രതികരിക്കേണ്ട ധാർമ്മിക ബാധ്യത മോഹൻലാലിനും സംഘത്തിനും ഉണ്ടായിരുന്നു. സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർ എന്ന നിലയിൽ പ്രത്യേകിച്ചും. എന്നാൽ, ലോകം മുഴുവൻ മലയാള സിനിമയിലെ ലൈംഗീക ചൂഷണം വിവാദമാക്കിയിട്ടും ഔദ്യോഗികമായി പ്രതികരിക്കേണ്ട പ്രസിഡന്റ് മോഹൻലാൽ ഇതേവരെ ഇക്കാര്യത്തിൽ അനങ്ങിയതേയില്ല. വിവാദത്തെ തുടർന്ന് ജനറൽ സെക്രട്ടറി രാജിവെച്ച ശേഷം സംഘടനയുടെ നാഥൻ മോഹൻലാൽ മാത്രമായിരുന്നു. വിവാദത്തിൽ സമൂഹമാധ്യമത്തിൽ പോലും ഒരു പ്രതികരണം നടത്താതെയാണ് മോഹൻലാൽ പ്രസിഡന്റ് പദവി രാജിവെച്ചത്. ദിവസങ്ങളായി കേരളത്തിൽ ഈ വിഷയം സജീവ ചർച്ചയാണ്. സഹതാരങ്ങൾക്ക് എതിരായ ആരോപണത്തിലും കൂടെയുള്ളവർ നേരിട്ട ലൈംഗീക ചൂഷണത്തിലും മോഹൻലാൽ അടക്കമുള്ളവർക്ക് മൗനമാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയും മൗനത്തിൽ തന്നെ. താരസംഘടനയുടെ ഭാരവാഹിത്വമില്ലെങ്കിലും മമ്മൂട്ടിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ ഇതേവരെ അത്തരത്തിൽ ഒരു നിലപാടും മമ്മൂട്ടി സ്വീകരിച്ചില്ല എന്നതും ഞെട്ടിക്കുന്നതാണ്.
അതേസമയം, പൃഥിരാജ്, ടൊവിനോ തോമസ് എന്നീ യുവതാരങ്ങൾ അമ്മക്കെതിരെ നിലപാട് സ്വീകരിച്ചു മുന്നോട്ടുവന്നത് ശ്രദ്ധേയമായി. അമ്മ ഭാരവാഹിയും നടനുമായ ജഗദീഷും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് പൃഥിരാജ് രംഗത്തെത്തിയിരുന്നു. അമ്മക്ക് തെറ്റുപറ്റിയെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പൃഥിരാജ് ആവശ്യപ്പെട്ടു. ടൊവിനോ തോമസും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
എന്നാൽ ഇന്ന് രാവിലെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അമ്മയെയും ആരോപണവിധേയനായ മുകേഷിനെയും പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചു. മാധ്യമങ്ങൾ തീറ്റ തേടുകയാണെന്ന നിലപാട് സ്വീകരിച്ച സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ തള്ളി മാറ്റുകയും ചെയ്തു. ഈ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് അമ്മ ഭരണസമിതി അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചത്. ജഗദീഷിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നടത്തിയ കടുത്ത വിമർശനമാണ് അമ്മയിലെ കൂട്ടരാജിക്ക് കാരണം എന്ന വിവരവും പുറത്തുവന്നു. രാജിക്ക് മുമ്പ് നടൻ മമ്മൂട്ടിയുമായി മോഹൻലാൽ ഫോണിൽ സംസാരിച്ചിരുന്നു. മലയാള സിനിമാ ലോകത്ത് സമാനതകളില്ലാത്ത വിവാദങ്ങൾക്ക് കാരണമായ ലൈംഗീക വിവാദം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അടിവേരറക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.
മോഹൻലാലിന്റെ കുറിപ്പ്
എല്ലാവർക്കും നന്ദി .. വിമർശിച്ചതിനും തിരുത്തിയതിനും .. മോഹൻ ലാൽ
‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ.
എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും…
മോഹൻ ലാൽ