വാഷിംഗ്ടൺ– ബഹിരാകാശ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് ആർട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന നേട്ടം സ്വന്തമാക്കി. ഭൂമിയിൽനിന്ന് 2,52,757 മൈൽ ദൂരം പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച 2,48,655 മൈൽ എന്ന ദൂരപരിധിയാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30-ന് ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന ‘ഫ്ലൈബൈ’ ഘട്ടം ആരംഭിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് വെറും 6000 കിലോമീറ്റർ വരെ അടുത്തെത്തുന്ന പേടകം, ഭൂമിയിൽനിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ (Far Side) അപൂർവ ദൃശ്യങ്ങൾ പകർത്തും.
ചന്ദ്രയാത്രയ്ക്കിടെ ഏകദേശം ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന അതീവ നിർണ്ണായകമായ ഘട്ടമാണിത്. ഈ സമയത്ത് പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ തടസ്സമായി വരുന്നതിനാൽ ഏകദേശം 40 മിനിറ്റോളം ആശയവിനിമയം പൂർണ്ണമായും തടസ്സപ്പെടും. ഇത് ചന്ദ്രയാത്രകളിൽ സ്വാഭാവികമാണെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും നാസ വ്യക്തമാക്കി. അപ്പോളോ 8 ദൗത്യം പകർത്തിയ വിഖ്യാതമായ ‘എർത്ത് റൈസ്’ ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് പുനരാവിഷ്കരിക്കാനും സംഘത്തിന് പദ്ധതിയുണ്ട്. ചന്ദ്രന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ‘ഓറിയന്റലെ ബേസിൻ’ എന്നറിയപ്പെടുന്ന വിസ്മയ മേഖലയുടെ ചിത്രം യാത്രികർ ഇതിനോടകം പകർത്തിക്കഴിഞ്ഞു. ചന്ദ്രനിലെ ‘ഗ്രാൻഡ് കാന്യൻ’ എന്ന് വിളിക്കപ്പെടുന്ന, 950 കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം ഒരു ബുൾസ് ഐ പോലെയാണ് കാണപ്പെടുന്നത്.
ഈ ദൗത്യത്തിനിടെ വിനോദകരമായ ചില ദൃശ്യങ്ങളും യാത്രികർ പങ്കുവെച്ചു. ബഹിരാകാശത്ത് മക്രോണിയും പാൽക്കട്ടിയും കഴിക്കുന്നതിന്റെ വീഡിയോയും പേടകത്തിന്റെ ജാലകത്തിലൂടെ ഭൂമിയെ നോക്കുന്ന ചിത്രങ്ങളും നാസ പുറത്തുവിട്ടു. ചന്ദ്രനെ വലംവെച്ചുള്ള ഈ യാത്രയ്ക്ക് ശേഷം പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. ഏപ്രിൽ 10-ന് രാത്രി ഒൻപത് മണിയോടെ പസിഫിക് സമുദ്രത്തിൽ പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അമേരിക്കൻ നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്ന് യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുക്കും.



