ഗാസ – തങ്ങളുടെ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായില്‍ സൈനികരുടെ കുടുംബങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഗാസ സംഘര്‍ഷം നെതന്യാഹു ഒരു കാര്യവുമില്ലാതെ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇവര്‍ ആരോപിച്ചു. ‘ഫാമിലീസ് ഓഫ് സോള്‍ജിയേഴ്സ് ക്രൈ ഇനഫ്’ ഗ്രൂപ്പില്‍ ഗാസയിലെ യുദ്ധ യൂനിറ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍, നിര്‍ബന്ധിത സൈനിക സേവനം നടത്തുന്നവര്‍, റിസര്‍വിസ്റ്റുകള്‍ എന്നിവരുടെ 800 ലേറെ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഏതാണ്ട് നിര്‍ത്താതെ യുദ്ധം ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ ഹമാസിനെതിരായ യുദ്ധം വെറുതെ നീട്ടിക്കൊണ്ടു പോകുകയാണെന്ന് നെതന്യാഹുവിന്റെ വിമര്‍ശകര്‍ മാസങ്ങളായി ആരോപിക്കുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഇസ്രായില്‍ യുദ്ധം ആരംഭിച്ചത്.
നെതന്യാഹുവിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ ഈ ആരോപണങ്ങള്‍ ‘ഫാമിലീസ് ഓഫ് സോള്‍ജിയേഴ്സ് ക്രൈ ഇനഫ്’ ഗ്രൂപ്പ് ആവര്‍ത്തിച്ചു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത, അറ്റമില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തുന്നത്. ഇത് നിങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി മാത്രമാണ്. ബന്ദികളാക്കപ്പെട്ടവരെയും സൈനികരെയും കൈയൊഴിഞ്ഞതിന് ഞങ്ങള്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
യുദ്ധം ഒരു ലക്ഷ്യവുമില്ലാതെ തുടരുകയാണെന്നും ഒരു കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ മാത്രമേ ബന്ദികള്‍ മടങ്ങിവരൂ എന്നും സൈനികര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാം – സൈനികരുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിന് എഴുതിയ കത്തില്‍ പറഞ്ഞു. നിലവില്‍ ഖത്തറില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അമേരിക്കയും ഈജിപ്തുമാണ് മറ്റു രാജ്യങ്ങള്‍.
ഗാസയില്‍ ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കുകയെന്ന ചില തീവ്ര വലതുപക്ഷ അംഗങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നതല്ലാതെ ഗാസയില്‍ തുടരാന്‍ ഇസ്രായേലി സൈന്യത്തിന് മറ്റൊരു കാരണവുമില്ലെന്ന് സൈനികരുടെ കുടുംബങ്ങള്‍ പറഞ്ഞു. പീരങ്കിക്കുള്ള വെടിമരുന്ന് എന്നോണം ഞങ്ങളുടെ മക്കളെ ബലിയര്‍പ്പിക്കുന്നത് തുടരാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല എന്ന് പറഞ്ഞാണ് സൈനികരുടെ കുടുംബങ്ങള്‍ പ്രധാനമന്ത്രിക്കുള്ള കത്ത് അവസാനിപ്പിച്ചത്. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ സൈനിക ആക്രമണം ആരംഭിച്ച ശേഷം ഗാസയില്‍ 399 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.