ഷിരൂർ (കർണാടക): കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജു(30)നെ കണ്ടെത്താനുള്ള തിരച്ചിലിന്റെ നിർണായക ഘട്ടത്തിൽ വെല്ലുവിളിയായി കാലാവസ്ഥ. കനത്ത മഴയെ തുടർന്ന് ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ കുത്തൊഴുക്ക് അതിശക്തമാണ്. പ്രദേശത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന സ്ഥിരീകരണമാണ് അടുത്ത പടി. കാബിനുളളിൽ അർജുനുണ്ടോ എന്ന് ഡൈവർമാർ സ്ഥിരീകരിച്ചാൽ ലോറി ലോക്ക് ചെയ്ത് പൊക്കിയെടുക്കാനാണ് പദ്ധതി.
മുൻ ദിവസങ്ങളിൽനിന്നും വ്യത്യസ്തമായി പത്താം ദിനത്തിൽ തിരച്ചിൽ പ്രദേശത്തേക്ക് മാധ്യമനിയന്ത്രണവും കടുപ്പിച്ചിട്ടുണ്ട്. മൊബൈൽ ഉൾപ്പെടെയുള്ളവ അവിടെ നിരോധിച്ചിട്ടുണ്ട്. ഇത് സിഗ്നൽ ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. രക്ഷാദൗത്യത്തിന് പ്രയാസമുണ്ടാകുന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും രക്ഷാപ്രവർത്തനം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യം ഒരുക്കാമെന്ന് സ്ഥലം എം.എൽ.എ അടക്കമുള്ളവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥ വില്ലനായില്ലെങ്കിൽ നേരം ഇരുട്ടും മുമ്പേ അർജുൻ ഓപ്പറേഷൻ പൂർത്തിയാക്കാനാണ് അധികൃതരുടെ ഊർജിത ശ്രമം. അതേസമയം, ബൂം എസ്‌കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ശക്തമായ മഴയുണ്ടായാൽ അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവർത്തനം നടക്കില്ലെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പ്രതികരിച്ചു. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അത്യാധുനിക ഉപകരണമാണിത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group