അങ്കോള (ഉത്തര കർണ്ണാടക): കനത്ത പ്രളയത്തിൽ ലോറിയടക്കം കാണാതായ മലയാളി അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. അതേസമയം ഇക്കാര്യത്തിൽ ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോറി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഗംഗാവലി പുഴയിലാണ് ലോറി കണ്ടെത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ കനത്ത മഴയും പ്രദേശത്ത് പെയ്യുന്നുണ്ട്.
ലോറി കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അർജുന്റെ കുടുംബത്തെ അറിയിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വലിയ അടിയൊഴുക്കാണ് ഗംഗാവലി പുഴയിലുള്ളത്. നേവിയുടെ ഡൈവിംഗ് സംഘം പ്രദേശത്ത് ലോറി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം, അർജുനെ തിരയുന്നതിന് നാവിക സേനക്ക് തടസ്സമാകുന്നത് ഗംഗാവലി പുഴയിലെ കലക്കവെള്ളമാണ്. ഷിരൂരിൽ മൂന്ന് തവണയായി നടന്ന മലയിടിച്ചലിൽ മണ്ണും പാറക്കഷണങ്ങളും ഒഴുകിയെത്തി പതിച്ചത് ഗംഗാവലി പുഴയിലാണ്. ടൺ കണക്കിന് ചെമ്മണ്ണും ചേടി കലർന്ന ചെളിയും പതിച്ചതോടെ പുഴയുടെ നിറം മാറി. കിലോമീറ്ററുകൾ ദുരത്തിൽ മണ്ണ് വീണതിനാൽ എട്ട് ദിവസമായിട്ടും പുഴയിലെ വെള്ളം തെളിഞ്ഞിട്ടില്ല. കാർവാർ നേവൽ ബേസിൽ നിന്നുള്ള രണ്ട് യൂണിറ്റ് വിദഗ്ധ സംഘം ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന് എത്തിയിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന സോണാർ സിസ്റ്റം ഇവരുടെ കൈയിലുണ്ട്. ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്ത് ഡൈവേഴ്സ് വെള്ളത്തിൽ ഇറങ്ങിയിട്ടും അടിഭാഗത്തെ ദൃശ്യങ്ങൾ ഒന്നും വ്യക്തമാകാത്തതിനാൽ കഴിഞ്ഞ ദിവസം തിരിച്ചു കയറിയിരുന്നു. അർജുൻ ജീവനോടെ തിരിച്ചെത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആളുകൾ.