ഫ്‌ളോറിഡ: കോപ്പാ അമേരിക്ക കിരീടം നിലനിര്‍ത്തി അര്‍ജന്റീന. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് 16ാം കിരീട നേട്ടം. 112ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് ആണ് ടീമിന്റെ രക്ഷകനായത്. നിശ്ചിത സമയത്ത് മല്‍സരം ഗോള്‍രഹിതമായിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. നിന്്ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി.
മല്‍സരം ഒന്നരരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ടിക്കറ്റില്ലാതെ കൊളംബിയന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് 5.30ന് ആരംഭിക്കേണ്ട മല്‍സരം ഏറെ നേരം കഴിഞ്ഞാണ് തുടങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. വിട്ടുകൊടുക്കാതെ അര്‍ജന്റീനയും കൊളംബിയയും കനത്ത പോരാട്ടമാണ് നടത്തിയത്. മത്സരം അധികസമയത്തേക്ക് നീണ്ടു. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയായി.
അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്‌സിലെത്തി. തുടര്‍ന്ന് സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്ത് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരത്തിന്റെ കടുപ്പം കൂടി. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.
ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി. കോപ്പയോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഡി മരിയ അര്‍ജന്റീന നിരയിലുണ്ട്.
വിങ്ങുകളിലൂടെ മുന്നേറിയ കൊളംബിയ പന്ത് കൈവശം വെച്ചും കളിച്ചു. കൊളംബിയയെ തടയാന്‍ അര്‍ജന്റീനന്‍ പ്രതിരോധം നന്നായി വിയര്‍ത്തു. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും ആക്രമിച്ചു. മെസ്സി തന്നെയാണ് ടീമിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കാണാനായില്ല. 32-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന് പുറത്തുനിന്ന് കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്‌സണ്‍ ലെര്‍മ ഉതിര്‍ത്ത ഷോട്ട് എമി സേവ് ചെയ്തു. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു. പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനം ഇരുടീമുകളും മുന്നേറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ ആദ്യം അര്‍ജന്റീനയ്ക്ക് മുന്നിലെത്താന്‍ അവസരം കിട്ടി. 48-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയെങ്കിലും ഗോളിലെത്താനായില്ല. പിന്നാലെ കോര്‍ണറില്‍ നിന്ന് കൊളംബിയന്‍ ഡിഫന്‍ഡര്‍ ഡേവിന്‍സണ്‍ സാഞ്ചസിന്റെ ഹെഡര്‍ ഗോള്‍ബാറിന് പുറത്തുപോയി. 58-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ ഡി മരിയയുടെ ഷോട്ട് കൊളംബിയന്‍ ഗോളി തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന നിരവധി മുന്നേറ്റങ്ങള്‍ നടത്തി.
65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. താരം കരഞ്ഞുകൊണ്ടാണ് ഡഗ്ഗൗട്ടില്‍ ഇരുന്നത്. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. മെസ്സിയുടെ അഭാവം അറിയിക്കാതെ അര്‍ജന്റീന മികച്ച പോരാട്ടം നടത്തി. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു.