പാരീസ് – പുരുഷ ഒളിംപിക്സ് ഫുട്ബോളിലെ ആദ്യമത്സരത്തിൽ അർജന്റീനക്ക് തോൽവി. മൊറോക്കോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. അവസാന നിമിഷം അർജന്റീന നേടിയ ഗോൾ വാർ റിവ്യൂവിലൂടെ അസാധാവുയി പ്രഖ്യാപിച്ചതോടെയാണ് അർജന്റീനയുടെ പരാജയം രേഖപ്പെടുത്തിയത്. (ഈ മത്സരം അർജന്റീന സമനില നേടി എന്ന തരത്തിൽ നേരത്തെ ദ മലയാളം ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് പിന്നീട് ഇക്കാര്യത്തിൽ തീരുമാനം വന്നത്). ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ മൊറോക്കെ രണ്ടാം പകുതിയുടെ ആറാമത്തെ മിനിറ്റിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി.മൊറോക്കോയ്ക്കുവേണ്ടി സൗഫിയാൻ റഹിമിയാണ് ഇരട്ട ഗോൾ നേടിയത്.
അധികം വൈകാതെ അർജന്റീനയുടെ ജിയുലിയാനോ സിമിയോണി അർജന്റീനക്ക് വേണ്ടി ഗോൾ മടക്കി. ആദ്യപകുതിയിൽ കളം നിറഞ്ഞു കളിച്ച മൊറോക്കോയെ രണ്ടാം പകുതിയിൽ അർജന്റീന പിടിച്ചുകെട്ടുന്ന കാഴ്ച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം പകുതിയിലെ എക്സ്ട്രാ ട്രൈമിന്റെ പതിനാറാമത്തെ മിനിറ്റിലായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഈ ഗോളാണ് പിന്നീട് അസാധുവാക്കിയത്.
2004, 2008 വർഷങ്ങളിലെ ഒളിംപിക്സ് വിജയം ആവർത്തിക്കാനാണ് അർജന്റീനയുടെ ശ്രമം. ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാക്കുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.
ടൂർണമെൻ്റിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ പാരീസ് സെൻ്റ് ജെർമെയ്ൻ ഫുൾ ബാക്ക് മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി കളത്തിലുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ്, ബെൻഫിക്ക ഡിഫൻഡറായ ക്യാപ്റ്റൻ നിക്കോളാസ് ഒട്ടമെൻഡി എന്നിവരാണ് അർജന്റീന നിരയിലെ പ്രമുഖ താരങ്ങൾ.