എടപ്പാൾ- ഫലസ്തീൻ ജനതയുടെ പരമോന്നത നേതാവായിരുന്ന യാസർ അറഫത്തിന്റെ “ഇന്ത്യൻ സഹോദരൻ “ആലിക്കുട്ടി ഹാജി ഇനി ഓർമ്മ. 40 വർഷം മുമ്പ് യാസർ അറഫാത്ത് ഇന്ത്യക്കാരൻ സഹോദരൻ എന്ന് വിശേഷിപ്പിച്ച കുറ്റിപ്പുറം തെക്കേ അങ്ങാടിയിലെ പള്ളിയാലിൽ ആലിക്കുട്ടി ഹാജിയാണ്( 101 ) യാസർ അറഫാത്ത് വിടപറഞ്ഞ അതേ ദിവസം അന്തരിച്ചത്.
57 വർഷം മുമ്പാണ് ആലിക്കുട്ടി ഹാജി യാസർ അറഫാത്തിന് ആദ്യമായി കാണുന്നത് .1967 വിമോചന സംഘടനയുടെ കുവൈറ്റിലെ ഓഫീസിൽ ആലിക്കുട്ടി ഹാജി ജോലിക്കാരനായി എത്തിയതായിരുന്നു. കുവൈറ്റിലെ ഓഫീസിൽ അറഫാത്ത് രണ്ടുമാസത്തിലൊരിക്കൽ എത്തുമായിരുന്നു. സമ്മേളന ഹാളിലേക്ക് അദ്ദേഹത്തിന് വേണ്ട സാമഗ്രികൾ എത്തിച്ചിരുന്നത് ആലിക്കുട്ടി ഹാജി ആയിരുന്നു. ഇങ്ങനെയാണ് ഹൃദയബന്ധത്തിലായത്.
അറഫാത്തിന് ഭക്ഷണം വിളമ്പി നൽകാനും ആലിക്കുട്ടി ഹാജിക്ക് അവസരം കൈവന്നു . 1984 ൽ ആലി കുട്ടി ഹാജി ജോലിയിൽനിന്ന് പിരിയുന്നതിനു മുമ്പ് ഒരു ദിവസം ഓഫീസിൽ എത്തിയ യാസർ അറഫാത്ത് ആലിക്കുട്ടി ഹാജിയെ കെട്ടിപ്പിടിച്ച് തന്റെ ഇന്ത്യക്കാരൻ സഹോദരനാണെന്ന് വിശേഷിപ്പിച്ചതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
യാസർ അറഫാത്തിന് ഒപ്പമുള്ള ഫോട്ടോ ആലിക്കുട്ടി ഹാജി നിധി പോലെയാണ് കാത്തുസൂക്ഷിച്ചിരുന്നത്. 2004 നവംബർ 11നാണ് യാസർ അറഫാത്ത് അന്തരിച്ചത് . 2024 നവംബർ 11 ആലിക്കുട്ടി ഹാജി വിട പറഞ്ഞു.