റിയാദ് – ഗാസ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം തീര്‍ത്തും പരാജയപ്പെട്ടതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. റിയാദില്‍ നടന്ന സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിയുടെ സമാപനത്തില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്തിനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ താഹക്കുമൊപ്പം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
ഉച്ചകോടി രൂപീകരിച്ച മന്ത്രിതല കമ്മിറ്റി ലെബനോന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടില്ല. ലെബനോന് ഏതു രീതിയില്‍ പിന്തുണ നല്‍കണമെന്ന കാര്യം കമ്മിറ്റി പരിശോധിക്കും. ഫലസ്തീന്‍ അതോറിറ്റിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ട്. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണം.
വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങള്‍ ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വയം പ്രതിരോധത്തിനും അപ്പുറമാണ്. ഗാസയില്‍ നടക്കുന്ന കാര്യങ്ങളില്‍ അറബ്, ഇസ്‌ലാമിക് ലോകം രോഷാകുലരാണ്. ഫലസ്തീനില്‍ യാഥാര്‍ഥ്യം മാറ്റാനും ദ്വിരാഷ്ട്ര പരിഹാരം തകര്‍ക്കാനും ഇസ്രായില്‍ ആഗ്രഹിക്കുന്നു. അറബ്, ഇസ്‌ലാമിക് നിലപാട് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഗാസയില്‍ യുദ്ധം തുടരുന്നത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയമാണ് വ്യക്തമാക്കുന്നത്.
ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്നത് അടിസ്ഥാന ആവശ്യമാണ്. അത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് പരിഹാരമാണ്. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കലും ഭയവും മൂലം കഷ്ടപ്പെടുന്നു. അവരെ സംരക്ഷിക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗം വെടിനിര്‍ത്തല്‍ നിര്‍ബന്ധമാക്കുന്ന യു.എന്‍ പ്രമേയമാണ്.
അറബ്, ഇസ്‌ലാമിക് ലോകത്തെ കേള്‍ക്കാന്‍ ഉച്ചകോടി ലോകത്തെ പ്രേരിപ്പിക്കും. സ്വയം നിര്‍ണയാവകാശം നേടാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇത് ബുദ്ധിമുട്ടുള്ള ദൗത്യമാണ് നല്‍കുന്നത്. എന്നാല്‍ യുദ്ധം അവസാനിക്കുന്നതുവരെ ഈ ശ്രമം തുടരും. വെടിനിര്‍ത്തല്‍ ശ്രമങ്ങളും തുടരും. ഇക്കാര്യത്തില്‍ വിശ്രമരഹിതമായ നയതന്ത്രശ്രമങ്ങള്‍ നടത്തും. നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ളതും അര്‍ഹിക്കുന്നതുമായ സമാധാനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം വേഗത്തിലാക്കേണ്ടത് പ്രധാനമാണ്. ഗാസയില്‍ സംഭവിക്കുന്നതിനെ കുറിച്ച മൗനം ന്യായീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് അവസരം നല്‍കരുത്. ഗാസയില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങള്‍ അനിവാര്യമായും നീക്കണം. മേഖലയിലെ സംഘര്‍ഷങ്ങള്‍ ശമിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അറബ്, ഇസ്‌ലാമിക് ഉച്ചകോടി ചേര്‍ന്നത്.
വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതും അതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതും ഉച്ചകോടി ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കലാണ് പരിഹാരം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള ശാശ്വത പരിഹാരം മേഖലയില്‍ സമാധാനം ശക്തമാക്കും. ഒരു ഏകീകൃത അറബ്, ഇസ്‌ലാമിക് നിലപാട് പ്രഖ്യാപിക്കുന്നത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഒരു പരിഹാരത്തിലെത്തുന്നതില്‍ സ്വാധീനം ചെലുത്തും. യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും അവസാനിപ്പിക്കാനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.
ഐക്യരാഷ് ട്രസഭയില്‍ ഇസ്രായിലിന്റെ അംഗത്വം മരവിപ്പിക്കുന്ന ദിശയില്‍ നീക്കങ്ങള്‍ നടത്താനുള്ള ഉച്ചകോടി തീരുമാനം ചരിത്രപരമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അവകാശം നേടിയെടുക്കുന്നതില്‍ ഫലസ്തീന്‍ ജനത വിജയിക്കുക തന്നെ ചെയ്യും. ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അറബ്, ഇസ്‌ലാമിക്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണമുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.