ദുബായ് – അറബികള്‍ നൂറു വര്‍ഷത്തോളം ചെറുത്തുനിന്നതായും കീഴടങ്ങാന്‍ തയാറല്ലെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. അറബികളെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും, ഗാസയില്‍നിന്ന് ഫലസ്തീനികളെ പുറത്താക്കി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി പരാമര്‍ശിച്ചണ് അബുൽ ഗെയ്ത്ത് ഇക്കാര്യം പറഞ്ഞത്. ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അറബ് ലീഗ് സെക്രട്ടറി ജനറല്‍.
ഗാസയിലെയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും സ്വന്തം ഭൂമിയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതി അറബ് ലോകം അംഗീകരിക്കില്ല. ഞങ്ങള്‍ അറബികള്‍ നൂറു വര്‍ഷമായി ചെറുത്തുനില്‍ക്കുകയാണ്. കീഴടങ്ങാന്‍ ഞങ്ങള്‍ തയാറല്ല. രാഷ്ട്രീയമായോ സൈനികമായോ സാംസ്‌കാരികമായോ ഞങ്ങളെ ഒരു നിലക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. അവരുടെ ശ്രദ്ധ ഇന്ന് ഗാസയിലാണ്. നാളെ അത് വെസ്റ്റ് ബാങ്കിലാകും. യഥാര്‍ഥ നിവാസികളെ ഫലസ്തീനില്‍ നിന്ന് ഒഴിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് അറബ് ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. അറബികള്‍ നൂറു വര്‍ഷമായി ചെറുത്തുനില്‍ക്കുന്നു – അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും ഫലസ്തീനികളെ മറ്റു സ്ഥലങ്ങളിലേക്ക് മാാറ്റുമെന്നും പിന്നീട് അവരെ ഗാസയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത് അറബ്, അന്താരാഷ്ട്ര തലങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയിരുന്നു.
അതേസമയം, ഗാസയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ട് എന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അടുത്തിടെ റിസോര്‍ട്ടിലേക്ക് നടത്തിയ ഒരു ബിസിനസ് യാത്രയില്‍ നിന്നാണ് ഈ സ്ഥലം എത്ര അത്ഭുതകരമാണെന്ന് തനിക്ക് മനസിലായതെന്ന്, ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ഗാസയെ കുറിച്ച ട്രംപിന്റെ പദ്ധതിയെ കുറിച്ച ചോദ്യത്തിന് മറുപടിയായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഗാസയിലെ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ വളരെ നല്ല സ്ഥലമാണ് മാര്‍-എ-ലാഗോ റിസോര്‍ട്ട് എന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പ്രമുഖ വ്യക്തികളെയും സെലിബ്രിറ്റികളെയും സ്വീകരിക്കുന്ന സ്ഥലമെന്ന നിലയില്‍ മാര്‍-എ-ലാഗോ റിസോര്‍ട്ട് പ്രശസ്തമാണ്.

ഗാസ നിവാസികളെ നാടുകടത്താനും അവരുടെ തിരിച്ചുവരവ് അവകാശം നിഷേധിക്കാനും ആവശ്യപ്പെടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ നിശിതമായി വിമര്‍ശിച്ചു. ന്യായമായ ഒരു രാഷ്ട്രീയ പരിഹാരത്തിന് കഴിയാത്ത ദയനീയമായ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് ട്രംപിന്റെ പദ്ധതിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വിശേഷിപ്പിച്ചു. ഇരുപതു ലക്ഷം ആളുകളോട് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. ഗാസ വില്‍പനക്കോ കൈമാറ്റത്തിനോ ഉള്ള ഒരു റിയല്‍ എസ്റ്റേറ്റ് പദ്ധതിയല്ല. മറിച്ച്, നിര്‍ബന്ധിത കുടിയിറക്കം നിരാകരിക്കുന്ന ഒരു ജനതയുടെ മാതൃരാജ്യമാണ്.
ഗാസ നിവാസികളുടെ അന്തസ്സിനെ ഹനിച്ചോ കൂട്ട കുടിയിറക്കലിന് നിര്‍ബന്ധിതരാക്കിയോ ആകരുത് ഗാസയുടെ പുനര്‍നിര്‍മാണം. ജോര്‍ദാനും ഈജിപ്തും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കിയല്ല ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടത്. മറിച്ച്, മാതൃരാജ്യത്തിലുള്ള പലസ്തീനികളുടെ അവകാശം മാനിച്ചുകൊണ്ടായിരിക്കണം അത്. ഫലസ്തീനില്‍ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള സൈനിക നടപടികളെ താന്‍ നിരാകരിക്കുന്നു. ഭീകരതക്കെതിരെ പോരാടുന്നതിന്റെ മറവില്‍ സാധാരണക്കാരെ ആക്രമിക്കുന്നത് ശരിയായ പരിഹാരമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. മുഴുവന്‍ മേഖലയെയും ജ്വലിപ്പിക്കാന്‍ കഴിയുന്ന സാഹസികതയാണ് ട്രംപിന്റെ പദ്ധതിയെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് വിശേഷിപ്പിച്ചു. അത്തരം നയങ്ങള്‍ സമാധാനം കൊണ്ടുവരില്ല. മറിച്ച്, മിഡില്‍ ഈസ്റ്റില്‍ കുഴപ്പങ്ങളും അസ്ഥിരതയും വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.