- ഗാസ യുദ്ധം അന്താരാഷ്ട്ര സുരക്ഷാ സംവിധാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്നതായി സൗദി വിദേശ മന്ത്രി
കയ്റോ – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കണമെന്ന് കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന 162-ാമത് അറബ് വിദേശ മന്ത്രിമാരുടെ യോഗം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായില്‍ സാന്നിധ്യം തുടരുന്നതിന് നിയമസാധുതയില്ലെന്നും ഫലസ്തീനിലെ അനധികൃത സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ ബാധ്യസ്ഥമാണെന്നും ഫലസ്തീനിലെ മുഴുവന്‍ കുടിയേറ്റ കോളിനകളുടെയും നിര്‍മാണം ഉടനടി നിര്‍ത്തണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു.
ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശത്തിന്റെ നിയമസാധുത അംഗീകരിക്കാതിരിക്കാന്‍ മുഴുവന്‍ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ബാധ്യസ്ഥരാണ്. ഫലസ്തീനിലെ ഇസ്രായിലിന്റെ അനധികൃത സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ യു.എന്‍ ജനറല്‍ അസംബ്ലിയും രക്ഷാ സമിതിയും സ്വീകരിക്കണം.
വംശഹത്യാ കുറ്റകൃത്യം തടയാനും ശിക്ഷിക്കാനുമുള്ള 1948 കണ്‍വെന്‍ഷനു കീഴിലെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇസ്രായിലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പിക്കണമെന്ന് അന്താരാഷ്ട്ര കോടതിയോട് അറബ് വിദേശ മന്ത്രിമാര്‍ അപേക്ഷിച്ചു. അന്താരാഷ്ട്ര കോടതി ഉത്തരവിട്ട താല്‍ക്കാലിക മുന്‍കരുതല്‍ നടപടികള്‍ ഇസ്രായില്‍ പാലിച്ചിട്ടില്ല. വംശഹത്യാ കുറ്റകൃത്യം തടയാനും ശിക്ഷിക്കാനുമുള്ള കണ്‍വെന്‍ഷന്‍ ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കുന്നതായി അന്താരാഷ്ട്ര കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സ്വന്തം മണ്ണില്‍ നിന്ന് ഫലസ്തീന്‍ ജനതയെ ഇസ്രായില്‍ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണ്. ഇത് അറബ് ദേശീയ സുരക്ഷക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. ഇത് പശ്ചിമേഷ്യയില്‍ സമാധാനത്തിനുള്ള അവസരം ഇല്ലാതാക്കുകയും സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്യും.
യു.എന്‍ ചാര്‍ട്ടര്‍ തത്വങ്ങള്‍ പാലിക്കാത്തതിനാലും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നതിനാലും യു.എന്‍ അംഗത്വവുമായി ബാധ്യതകള്‍ പാലിക്കാത്തതിനാലും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായിലിന്റെ പങ്കാളിത്തം മരവിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ന്യൂയോര്‍ക്കിലെ അറബ് ഗ്രൂപ്പിനെ അറബ് വിദേശ മന്ത്രിമാര്‍ ചുമതലപ്പെടുത്തി. ഫിലാഡെല്‍ഫിയ ഇടനാഴിയില്‍ നിന്ന് പിന്‍വാങ്ങാതിരിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തുന്ന വാദങ്ങളെയും കള്ളങ്ങളെയും അറബ് വിദേശ മന്ത്രിമാര്‍ നിരാകരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ശ്രമങ്ങള്‍ തടസ്സപ്പെടുത്താനാണ് ഇത്തരം വാദങ്ങളിലൂടെ നെതന്യാഹു ലക്ഷ്യമിടുന്നത്.
ഫിലാഡെല്‍ഫിയ ഇടനാഴിയും റഫ ക്രോസിംഗിലെ ഫലസ്തീന്‍ ഭാഗവും അടക്കം മുഴുവന്‍ ഗാസയില്‍ നിന്നും ഇസ്രായില്‍ പൂര്‍ണമായും പിന്‍വാങ്ങണം. ഫലസ്തീന്‍, ഈജിപ്ത് അതിര്‍ത്തി പരമാധികാര അതിര്‍ത്തിയാണ്. നേരത്തെ അംഗീകരിച്ച നിയമങ്ങള്‍ക്ക് അനുസൃതമായി റഫ ബോര്‍ഡര്‍ ക്രോസിംഗ് പ്രവര്‍ത്തിപ്പിക്കുകയും ഇവിടെ ബാധകമാക്കിയ മുഴുവന്‍ തടസ്സങ്ങളും പ്രതിബന്ധങ്ങളും എടുത്തുകളയുകയും വേണം. യു.എന്നില്‍ പൂര്‍ണ അംഗത്വം നേടിയെടുക്കാനുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നീക്കത്തെ ശക്തമായി പിന്തുണക്കും. യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വത്തിന് അവകാശമുണ്ടെന്ന യു.എന്‍ ജനറല്‍ അസംബ്ലി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കണമെന്ന് യു.എന്‍ രക്ഷാ സമിതിയോട് അറബ് വിദേശ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗാസ യുദ്ധം അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെ പുനഃപരിശോധന ആവശ്യപ്പെടുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള കാലതാമസം അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെ പരാജയത്തിന് തെളിവാണ്. അന്താരാഷ്ട്ര നിയമം നടപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ ഈജിപ്ത് വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഗാസയില്‍ റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ തടസ്സപ്പെടുത്തുന്നത് യുദ്ധക്കുറ്റമാണ്. സൗദി, ഈജിപ്ത് സഹകരണം മേഖലാ സുരക്ഷക്ക് പ്രധാനമാണ്. ഈജിപ്തുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അറബ് ലീഗിന്റെ 162-ാമത് യോഗത്തോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ വിദേശ മന്ത്രിക്കൊപ്പം കയ്‌റോയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.