തെഹ്‌റാൻ– ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം രണ്ടാമതും എണ്ണ ചോർച്ച കണ്ടെത്തിയത് വലിയ പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമാകുന്നു. സമുദ്ര രഹസ്യാന്വേഷണ ഏജൻസിയായ വിൻഡ്‌വാർഡ് എ.ഐ ആണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ പുതിയ എണ്ണ പാളി കണ്ടെത്തിയത്. ഏകദേശം 12 മുതൽ 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ എണ്ണ പാളി വ്യാപിച്ചു കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെയുണ്ടാകുന്ന ഇത്തരം ചോർച്ചകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഖാർഗ് ദ്വീപിന് സമീപം എണ്ണ ചോർച്ചയുണ്ടെന്ന റിപ്പോർട്ടുകൾ ഇറാൻ ഓയിൽ ടെർമിനൽസ് കമ്പനി പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ സംഭരണ ടാങ്കുകളോ പൈപ്പ്‌ലൈനുകളോ ടാങ്കറുകളോ പരിശോധിച്ചതിൽ തകരാറുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി സി.ഇ.ഒ വ്യക്തമാക്കി. മലിനീകരണവുമായി ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളും ചോർച്ചയുടെ സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ വിദേശ കപ്പലുകളിൽ നിന്ന് എണ്ണ ചോരാൻ സാധ്യതയുണ്ടെന്ന് ഇറാൻ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മേഖലയിലെ പഴകിയ പൈപ്പ്‌ലൈനുകളും അടിസ്ഥാന സൗകര്യങ്ങളുമാകാം ഇതിന് കാരണമെന്ന് സമുദ്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏകദേശം 65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രധാന എണ്ണ പാളി ഫെബ്രുവരി മുതൽ ജലപാതയ്ക്ക് ഭീഷണിയായി തുടരുന്നുണ്ട്.
എണ്ണ പാളികളുടെ നീക്കം സാഹചര്യം സങ്കീർണ്ണമാക്കുമെന്ന് യു.എൻ ഉദ്യോഗസ്ഥനായ ഡോ. കാവേ മദനി മുന്നറിയിപ്പ് നൽകി. നിലവിൽ ഈ എണ്ണ പാളികൾ ഖാർഗ് ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് നീങ്ങുന്നത്. ഇത് ജനവാസ കേന്ദ്രങ്ങളിലേക്ക് അടുത്താൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം വരെ നിർത്തിവെക്കേണ്ടി വരും. ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ തകരാറിലായ പൈപ്പ്‌ലൈനുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ ഇറാന് സാധിക്കാത്തത് വലിയ തോതിലുള്ള എണ്ണ ചോർച്ചയ്ക്ക് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
അറേബ്യൻ ഉൾക്കടലിലെ ജലത്തിന്റെ ചലനം മന്ദഗതിയിലായതിനാൽ ഇത്തരം മലിനീകരണം ദീർഘകാലം നിലനിൽക്കുമെന്ന് ഡോ. മദനി ചൂണ്ടിക്കാട്ടി. ഇത് മത്സ്യബന്ധനത്തെയും സമുദ്രജീവികളെയും ദോഷകരമായി ബാധിക്കും. മെയ് 8-നാണ് ആദ്യമായി വലിയ എണ്ണ പാളി ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞത്. ഇത് അസംസ്‌കൃത എണ്ണയാണെന്നും പൈപ്പ്‌ലൈൻ തകരാറോ അല്ലെങ്കിൽ ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്നതിനിടെയുണ്ടായ വീഴ്ചയോ ആകാം കാരണമെന്നുമാണ് വിൻഡ്‌വാർഡ് എ.ഐയുടെ പ്രാഥമിക നിഗമനം. പശ്ചിമേഷ്യയിലെ യുദ്ധ അന്തരീക്ഷം ഇത്തരം പാരിസ്ഥിതിക ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുകയാണ്.



