കൊച്ചി- സിനിമാ മേഖലയിൽ കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും എല്ലാവരെയും പുകമറയിൽ നിർത്തരുതെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയിലെ റിപ്പോർട്ട് നടപ്പാക്കണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദീഖ് വ്യക്തമാക്കി. നടിമാരുടെ പരാതിക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും. കുറ്റക്കാർക്കെതിരെ സർക്കാർ കേസെടുക്കുകയാണ് വേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് സിനിമാവ്യവസായത്തെ തകർക്കരുത്.
സിനിമാ മേഖലയിലെ ഭൂരിഭാഗം. വനിതകളും അമ്മയിലെ അംഗങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം എന്നു തന്നെയാണ് അമ്മയുടെ നിലപാട്. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും നടപ്പാക്കണം എന്നാണ് അമ്മയുടെയും ആവശ്യം. മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ സങ്കടമുണ്ട്. എല്ലാ തൊഴിലിടങ്ങളിലും ഇതേപോലെ വിഷയം ഉണ്ടാകാറുണ്ട്. എന്നാൽ ആ തൊഴിൽ മേഖലയെ ഒന്നടങ്കം ആക്ഷേപിക്കാറില്ല. തെറ്റ് ചെയ്തവരെ മാത്രമാണ് ശിക്ഷിക്കേണ്ടത്. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ല. പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന് കമ്മിറ്റിക്ക് അറിയാമെങ്കിൽ അവർക്ക് അത് വെളിപ്പെടുത്താമെന്നും സിദ്ദീഖ് പറഞ്ഞു.
മലയാളത്തിൽ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നും സിനിമയിൽ മാറ്റം കൊണ്ടുവരേണ്ടത് അമ്മയല്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയല്ല. ഇടവേള ബാബുവിന് എതിരായ പരാതിയെ അമ്മ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണൺ വൈകിയത് ഷോയുടെ തിരക്കുള്ളതുകൊണ്ടാണ്. ഡബ്ലൂ.സി.സിയിൽ ആരുടെയും അവസരം നഷ്ടപ്പെടുത്തിയിട്ടില്ല. പാർവ്വതിക്ക് പോലും നിരവധി സിനിമകൾ ലഭിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച സിനിമാ കോൺക്ലേവിനെ പറ്റി കൂടുതൽ അറിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.
സിനിമയിൽ തനിക്ക് ഇക്കാലം വരെ മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും തന്റെ കതകിൽ ആരും മുട്ടിയിട്ടില്ലെന്നും നിട ജോമോൾ പറഞ്ഞു.