റിയാദ്; സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിന്റെ പ്രീസീസണ്‍ പ്രകടനങ്ങളില്‍ രോഷം പ്രകടിപ്പിച്ച് ആരാധകര്‍. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഇതിനെതിരേയാണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഒരു കിരീടം നേടാനാവാത്ത ടീം ഈ സീസണിലും അത് തുടരകയാണെന്നാണ് ആരാധകരുടെ പക്ഷം. ലോവ്‌ലെന്റാനോ ഡിസി, എഫ് സി ഫറെന്‍സെ എന്നീ ക്ലബ്ബുകള്‍ക്കെതിരേ അല്‍ നസര്‍ സമനില വഴങ്ങിയിരുന്നു. പോര്‍ച്ച്ഗ്രീസ് ലീഗില്‍ നിന്നും പുറത്തായ പോര്‍ട്ടിമോണെനെസെയ്‌ക്കെതിരേ അല്‍ നസര്‍ ദയനീയമായും പരാജയപ്പെട്ടിരുന്നു.
ക്ലബ്ബിന്റെ മാനേജര്‍ക്കെതിരേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമെതിരേയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. യൂറോ കപ്പിലെ മോശം പ്രകടനത്തിന് ശേഷം റൊണാള്‍ഡോ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. താരം പുതിയ സീസണ്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. എന്നാല്‍ റൊണാള്‍ഡോ ഉണ്ടെങ്കിലും ഫലം ഇത് തന്നെയാകുമായിരുന്നെന്നും താരം ക്ലബ്ബിന് അധികബാധ്യതയാണെന്നും ആരാധകര്‍ പറയുന്നു. വന്‍ വേതനം വാങ്ങുന്ന റോണോ സാലറി കുറയ്ക്കണമെന്നും ആ പണം കൊണ്ട് പുതിയ താരങ്ങളെ വാങ്ങമെന്നുമാണ് ആരാധകരുടെ ആവശ്യം. കോച്ചിനെ മാറ്റണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ റൊണാള്‍ഡോ തിരിച്ചെത്തിയാല്‍ ടീമിന് പുതിയ ഊര്‍ജ്ജമാവുമെന്നാണ് ക്ലബ്ബിന്റെ ഭാഷ്യം.ഈ മാസം 28ന് പോര്‍ച്ചുഗ്രീസ് ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയ്‌ക്കെതിരേയും 30ന് ലൂസിറ്റാനോ 1911 എന്നീ ക്ലബ്ബുകള്‍ക്കെതിരേയാണ് അല്‍ നസറിന്റെ അടുത്ത സൗഹൃദമല്‍സരങ്ങള്‍. അതിനിടെ അല്‍ നസര്‍ സൂപ്പര്‍ താരം എയ്മറിക് ലപ്പോര്‍ട്ടയെ ക്ലബ്ബിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. എയ്മറിക് ലാപോര്‍ട്ടെ സൗദി പ്രൊ ലീഗില്‍ എത്തിയപ്പോള്‍ മുതല്‍ അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അല്‍ നസര്‍ എഫ് സി യിലെ അന്തരീക്ഷം ലാപോര്‍ട്ടെ ആഗ്രഹിച്ചതു പോലെ അല്ലെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുള്ള സൂചന. 2024 യുവേഫ യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പെയിനിനെ കിരീടത്തില്‍ എത്തിക്കുന്നതില്‍ ലാപോര്‍ട്ടെ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനു ശേഷം താരത്തിന്റെ മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.