പാലക്കാട്– വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി പ്രവർത്തകയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സംഭാഷണം പുറത്തായി. മുൻപ് ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. പാലക്കാട് വോട്ടർക്ക് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ അവിടെ എത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭയുടെ വാദം. ആലപ്പുഴ രജിസ്ട്രേഷനുള്ള കാറിലാണ് ഇവർ വന്നതെന്നും ബിന്ദുവിനെ ഇതിന്റെ പേരിൽ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തുന്നുണ്ട്.
നിങ്ങൾ ബി.ജെ.പി പ്രവർത്തക അല്ലെ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്താ അടിച്ചു പണി തീർക്കുമെന്നും ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നത് വ്യക്തമായി കേൾക്കാം. ഭീഷണിയെത്തുടർന്ന് വാട്സ്ആപ്പ് കോൾ റെക്കോർഡ് സഹിതം ബിന്ദു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. സുപ്രീം കോടതി അഭിഭാഷകനൊപ്പമെത്തി പാലക്കാട് ആർ.ഡി.ഒ മുൻപാകെയാണ് ശോഭ മൊഴി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അവർ പൂർണ്ണമായും നിഷേധിച്ചു. ഏപ്രിൽ എട്ടിന് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയിൽ വെച്ച് പണം വിതരണം ചെയ്തു എന്ന പരാതിയിൽ ജില്ലാ കളക്ടർ നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ദൃശ്യങ്ങൾ പകർത്തിയവരുടെ മൊഴിയും പണം വാങ്ങിയെന്ന് പറയുന്ന ദേവു എന്ന വയോധികയുടെ മൊഴിയും ആർ.ഡി.ഒ രേഖപ്പെടുത്തും. ഇതിനുശേഷം തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക.



