ടെഹ്റാൻ- പ്രസിഡന്റും വിദേശകാര്യമന്ത്രിയും വിമാനാപകടത്തിൽ മരിച്ചെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഇറാന്റെ പ്രഖ്യാപനം. പുതിയ പ്രസിഡന്റായി മുഹമ്മദ് മുഖ്ബിറും വിദേശകാര്യമന്ത്രിയായി അലി ബാഗേരിയും ചുമതലയേറ്റു. രാജ്യത്ത് അഞ്ചു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പരമോന്നത ആത്മീയ നേതാവായ ആയത്തുല്ല ഖുമൈനി അറിയിച്ചു.
അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.എ.ൻഎ പരിശോധനയുടെ ആവശ്യമില്ലെന്നും ഇറാനിലെ ക്രൈസിസ് മാനേജ്‌മെൻ്റ് ഓർഗനൈസേഷൻ മേധാവി അറിയിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പൊള്ളലുണ്ട്. എന്നാൽ ഫോറൻസിക് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും മൃതദേഹങ്ങൾ തബ്രിസിലെ രക്തസാക്ഷി ശ്മശാനത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടമുണ്ടായ ഉടൻ തന്നെ ഹെലികോപ്റ്ററിലുണ്ടായിരുന്നവർ മരിച്ചിട്ടുണ്ടെന്നാണ് ഇറാനിയൻ റെഡ് ക്രസൻ്റ് മേധാവിയെ ഉദ്ധരിച്ച് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഹെലികോപ്റ്ററിൽ റയ്സിക്ക് പുറമേ, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ഗാർഡിയൻ ജൂറിസ്റ്റ് പ്രതിനിധി മുഹമ്മദ് അലി അൽ ഹാഷിം, കിഴക്കൻ അസർബൈജാൻ ഗവർണർ മാലിക് റഹ്മത്തി റഹ്മതി എന്നിവരും സഹായികളും ഹെലികോപ്റ്റർ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അനുശോചനം അറിയിച്ച് സൗദി അറേബ്യ
ഇറാൻ പ്രസിഡന്റിന്റെ നിര്യാണത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനുശോചനം അറിയിച്ചു. പുതിയ പ്രസിഡന്റ് മുഹമ്മദ് മുഖ്ബിറിനാണ് സന്ദേശം അയച്ചത്. വേർപാടിൽ രാജ്യം അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.