ഗാസ – വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന, ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിന്റെ ഓഫീസ് ഇസ്രായില്‍ സൈന്യം ഇന്ന് രാവിലെ റെയ്ഡ് ചെയ്ത് 45 ദിവസത്തേക്ക് ഓഫീസ് അടക്കാന്‍ ഉത്തരവിട്ടതായി അല്‍ജസീറ പറഞ്ഞു. രാജ്യത്തെ അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ പ്രസ് ക്രെഡന്‍ഷ്യലുകള്‍ റദ്ദാക്കുന്നതായി കഴിഞ്ഞയാഴ്ച ഇസ്രായില്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രായിലില്‍ അല്‍ജസീറ പ്രവര്‍ത്തിക്കുന്നത് നാലു മാസം മുമ്പ് നിരോധിക്കുകയും ചെയ്തിരുന്നു.
അല്‍ജസീറ ചാനല്‍ 45 ദിവസത്തേക്ക് അടപ്പിക്കാന്‍ കോടതി വിധിയുള്ളതായി റെയ്ഡിനിടെ ഇസ്രായിലി സൈനികന്‍ അല്‍ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വലീദ് അല്‍ഉമരിയോട് പറഞ്ഞു. ക്യാമറകളെല്ലാം വേര്‍പ്പെടുത്തി ഉടന്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങണമെന്ന് സൈനികന്‍ പറഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അല്‍ജസീറ തത്സമയം സംപ്രേക്ഷണം ചെയ്തു. ഓഫീസിലെ മുഴുവന്‍ വസ്തുവകകളും ഇസ്രായില്‍ സൈന്യം പിടിച്ചെടുത്ത് ലോറികളില്‍ നീക്കം ചെയ്തു. സ്വന്തം കാറുകള്‍ കൊണ്ടുപോകാന്‍ പോലും ജീവനക്കാരെ സൈന്യം അനുവദിച്ചില്ല. വന്‍ ആയുധസന്നാഹങ്ങളോടെയാണ് മുഖംമൂടിധാരികളായ സൈനികര്‍ അല്‍ജസീറ ഓഫീസില്‍ പ്രവേശിച്ചതെന്ന് ചാനല്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അടച്ചുപൂട്ടല്‍ ഉത്തരവിനുള്ള കാരണം സൈനികന്‍ നല്‍കിയില്ലെന്ന് അല്‍ജസീറ പറഞ്ഞു.
ഹമാസുമായോ അതിന്റെ സഖ്യകക്ഷിയായ ഇസ്‌ലാമിക് ജിഹാദുമായോ ബന്ധമുള്ള ഗാസയിലെ ഭീകര ഏജന്റുമാരാണ് അല്‍ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകരെന്ന് ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് ആരോപിക്കുന്നു. ഇസ്രായിലിന്റെ ആരോപണങ്ങളെ അല്‍ജസീറ നിഷേധിക്കുകയും ഗാസയിലെ തങ്ങളുടെ ജീവനക്കാരെ ഇസ്രായില്‍ ആസൂത്രിതമായി ലക്ഷ്യമിടുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു. രാജ്യസുരക്ഷക്ക് ഹാനികരമെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ നിരോധിക്കാന്‍ അനുവദിക്കുന്ന നിയമം ഏപ്രില്‍ ആദ്യത്തില്‍ ഇസ്രായില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ജസീറയെ ഇസ്രായിലില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് വിലക്കാനും അല്‍ജസീറ ഓഫീസുകള്‍ 45 ദിവസത്തേക്ക് അടച്ചുപൂട്ടാനുമുള്ള തീരുമാനത്തിന് മെയ് അഞ്ചിന് ഇസ്രായില്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കി.
ഇത് ടെല്‍അവീവ് കോടതി കഴിഞ്ഞയാഴ്ച നാലാം തവണയും നീട്ടി. റാമല്ല ഓഫീസ് അടച്ചുപൂട്ടിയത് വെസ്റ്റ് ബാങ്കില്‍ നിന്നും ഗാസയില്‍ നിന്നുള്ള അല്‍ജസീറയുടെ സംപ്രക്ഷണത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ യുദ്ധം അല്‍ജസീറ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായിലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് നേരത്തെ നിരോധിച്ച ശേഷം ഇപ്പോള്‍ വെസ്റ്റ് ബാങ്ക് ഓഫീസ് അടച്ചുപൂട്ടിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ നിദ ഇബ്രാഹിം പറഞ്ഞു. സത്യം മായ്ക്കാനും സത്യം കേള്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയാനും ലക്ഷ്യമിട്ടമാണ് ഈ രീതിയില്‍ മാധ്യമപ്രവര്‍ത്തകരെ എല്ലായ്‌പ്പോഴും ഇസ്രായില്‍ ടാര്‍ഗെറ്റ് ചെയ്യുന്നതെന്ന് അല്‍ജസീറ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വലീദ് അല്‍ഉമരി പറഞ്ഞു.