റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അല്‍ജസീറ ചാനല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനത്തെ അല്‍ജസീറ അപലപിച്ചു. ഇസ്രായില്‍ തങ്ങളുടെ ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ക്ക് സമാനമായ നീക്കമാണ് ഫലസ്തീന്‍ അതോറിറ്റിയുടെതെന്ന് അല്‍ജസീറ വിശേഷിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ പ്രവര്‍ത്തനവും കവറേജും മരവിപ്പിക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനത്തെ അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് അപലപിക്കുന്നു. അധിനിവിഷ്ട പ്രദേശങ്ങളില്‍ നടക്കുന്ന അതിവേഗ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ചാനലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണിത് -ഖത്തര്‍ ആസ്ഥാനമായുള്ള നെറ്റ് വർക്ക് പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, റാമല്ലയിലെ അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടി ഇസ്രായേല്‍ ഗവണ്‍മെന്റ് നേരത്തെ സ്വീകരിച്ച നടപടിക്ക് അനുസൃതമായാണ് ഫലസ്തീന്‍ അതോറിറ്റിയും ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാനും പ്രവര്‍ത്തനം വിലക്കാനുമുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കുകയും റദ്ദാക്കുകയും ചെയ്യണം. ഭീഷണി കൂടാതെ വെസ്റ്റ് ബാങ്കില്‍ നിന്ന് സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളുടെ ടീമുകളെ അനുവദിക്കണമെന്നും ചാനല്‍ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ സംഭവങ്ങളും സംഭവവികാസങ്ങളും പ്രൊഫഷണല്‍ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാനുള്ള പ്രതിബദ്ധതയില്‍ നിന്ന് ഈ തീരുമാനം തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും അല്‍ജസീറ പറഞ്ഞു.
അക്രമം പ്രോത്സാഹിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ച് വെസ്റ്റ് ബാങ്കിലെ അല്‍ജസീറയുടെ പ്രവര്‍ത്തനം ബുധനാഴ്ച ഫലസ്തീന്‍ അതോറിറ്റി താല്‍ക്കാലികമായി വിലക്കിയതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ച് അല്‍ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാംസ്‌കാരിക, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിതല സമിതി തീരുമാനിക്കുകയായിരുന്നു. ഫലസ്തീന്‍ സുരക്ഷാ വകുപ്പുകളും ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളും തമ്മിലുള്ള സംഘട്ടനം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന കാരണം പറഞ്ഞ് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ ഗവര്‍ണറേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അല്‍ജസീറയെ ഫലസ്തീന്‍ അതോറിറ്റിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഫതഹ് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന് വെസ്റ്റ് ബാങ്കില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചത്. നമ്മുടെ അറബ് മാതൃരാജ്യത്ത് പൊതുവെയും പലസ്തീനില്‍ പ്രത്യേകിച്ചും അല്‍ജസീറ വിഭജനം വിതക്കുന്നതായി ഡിസംബര്‍ 24 ന് ആരോപിച്ച ഫതഹ് അല്‍ജസീറ നെറ്റ്‌വര്‍ക്കുമായി സഹകരിക്കരുതെന്ന് ഫലസ്തീനികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായി, ഫലസ്തീന്‍ അതോറിറ്റിയും ഇസ്രായില്‍ വിരുദ്ധ ഫലസ്തീന്‍ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് അല്‍ജസീറ നെറ്റ് വർക്കിനും വെസ്റ്റ് ബാങ്കിലെ അതിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ഫതഹ് ആക്രമണം പ്രോത്സാഹിപ്പിക്കുന്നതായി ചാനൽ കുറ്റപ്പെടുത്തി. അധിനിവിഷ്ട പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ജെനിനിലും അവിടുത്തെ അഭയാര്‍ഥി ക്യാമ്പുകളിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച സത്യം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നതെന്നും അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് പറഞ്ഞു.
ഗാസ യുദ്ധം ഇപ്പോഴും തുടരുകയും ഇസ്രായില്‍ അധിനിവേശ സേന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ആസൂത്രിതമായി ലക്ഷ്യമിടുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സമയത്ത് അല്‍ജസീറക്കെതിരായ ഫലസ്തീന്‍ അതോറിറ്റി തീരുമാനം ഞെട്ടിക്കുന്നതാണ്. വെസ്റ്റ് ബാങ്കിലെ തങ്ങളുടെ എല്ലാ ജീവനക്കാരുടെയും സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഫലസ്തീന്‍ അതോറിറ്റിക്കാണെന്നും അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് പറഞ്ഞു.
ജെനിനില്‍ പലസ്തീന്‍ സുരക്ഷാ സേന നടത്തുന്ന റെയ്ഡുകളില്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയുള്ളതായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ജസീറയുടെ ഹംദ സല്‍ഹൂത്ത് പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റി ഇസ്രായേല്‍ സേനയില്‍ നിന്ന് വേറിട്ട് സ്വന്തം റെയ്ഡുകള്‍ നടത്തുകയാണ്. കഴിഞ്ഞ നാലാഴ്ചയായി ഇത്തരം റെയ്ഡുകള്‍ ഫലസ്തീന്‍ അതോറിറ്റി ശക്തമാക്കിയിട്ടുണ്ട്. ജെനിന്‍ പോലുള്ള സ്ഥലങ്ങളിലെ ഇത്തരം അടിച്ചമര്‍ത്തലുകളില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു – ഹംദ സല്‍ഹൂത്ത് പറഞ്ഞു.
അല്‍ജസീറ സംപ്രേക്ഷണം താല്‍ക്കാലികമായി വിലക്കാനുള്ള തീരുമാനത്തില്‍ ഫലസ്തീനികള്‍ ആശ്ചര്യപ്പെടുമെന്ന് പലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂതി പറഞ്ഞു. ഇതൊരു വലിയ തെറ്റാണെന്ന് ഞാന്‍ കരുതുന്നു, ഈ തീരുമാനം എത്രയും വേഗം മാറ്റണം – ബര്‍ഗൂതി റാമല്ലയില്‍ നിന്ന് അല്‍ജസീറയോട് പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റിക്ക് അല്‍ജസീറയുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. അല്‍ജസീറ ഫലസ്തീന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്നു.
കൂടാതെ ഫലസ്തീന്‍ പ്രശ്‌നത്തെ പൊതുവായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിലുപരിയായി, ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് – ബര്‍ഗൂതി പറഞ്ഞു.
അതേസമയം, ഇസ്രായിലുമായി സുരക്ഷാ ഏകോപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി, ഇസ്രായില്‍ അധിനിവേശത്തെ എതിര്‍ക്കുന്ന ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായ ജെനിനില്‍ അടിച്ചമര്‍ത്തല്‍ തുടരുകയാണ്. ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റ് ദി ഹോംലാന്റ്’ ആരംഭിച്ചതിന് ശേഷം ജെനിന്‍ ബ്രിഗേഡ്‌സ് കമാന്‍ഡര്‍ യസീദ് ജെയ്സെ ഉള്‍പ്പെടെ നിരവധി ഫലസ്തീന്‍ അതോറിറ്റി സൈനികരും സായുധ പോരാളികളും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.