റിയാദ്: ത്രസിപ്പിക്കുന്നതും കണ്ണഞ്ചിപ്പിച്ചും നടന്ന കിംഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ അൽ ഹിലാലിനെ തോൽപ്പിച്ച് ഇത്തിഹാദ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇത്തിഹാദ് വിജയിച്ചത്. മത്സരം 2-2 എന്ന നിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ നിശ്ചയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.
ഹിലാലിന്റെ മൂന്നു ഷോട്ടുകൾ ഇത്തിഹാദ് ഗോളി പ്രദ്രാഗ് രാജ്കോവിച്ച് തടുത്തു. മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. പതിമൂന്നാമത്തെ മിനിറ്റിൽ സൗദി പ്രോ ലീഗിലെ മുൻനിര ഗോൾ വേട്ടക്കാരനായ അലക്സാണ്ടർ മിത്രോവിച്ച് പരിക്കേറ്റ് പുറത്തായത് ഹിലാലിന് വിനയായി. മൂന്നു മിനിറ്റിന് ശേഷം സാലിം അൽ ദോസരിക്ക് ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് ഇത്തിഹാദിന് വേണ്ടി കരീം ബെൻസേമക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അതും ഗോളായില്ല.
രണ്ടാം പകുതിയിൽ 63-ാം മിനിറ്റിലാണ് കരീം ബെൻസേമ ഇത്തിഹാദിനായി ഗോൾ നേടിയത്. എന്നാൽ ഇത്തിഹാദിന്റെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. എഴുപത്തിരണ്ടാമത്തെ മിനിറ്റിൽ സാലിം അൽ ദോസരി ഹിലാലിന് വേണ്ടി ഗോൾ തിരിച്ചടിച്ചു. സാധാരണ സമയത്ത് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 101 -മത് മിനിറ്റിൽ മാർക്കോസ് ലിയാനോർഡോ ഹിലാലിന് വേണ്ടി ഗോൾ നേടി. എന്നാൽ 114-ാം മിനിറ്റിൽ കരീം ബെൻസേമ ഒരു ഗോൾ കൂടി നേടി ഇത്തിഹാദിന് വിജയപ്രതീക്ഷ സമ്മാനിച്ചു. വിജയികളെ തീരുമാനിക്കാൻ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഹിലാലിന് ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ.