മുംബൈ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി.ക്ക് കനത്ത തിരിച്ചടി നൽകി മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ നാല് പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു. ഇവർ ഈയാഴ്ച തന്നെ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേരും.
എൻ.സി.പിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെ,പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേഷൻ കൗൺസിലർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് രാജിവെച്ചത്. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്റെ പാർട്ടിയിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി.
തൻ്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2023-ൽ അമ്മാവനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിനെതിരെ അജിത് പവാർ നടത്തിയ കലാപത്തെത്തുടർന്ന് പവാർ കുടുംബം രണ്ട് രാഷ്ട്രീയ പാർട്ടികളായി പിരിയുകയായിരുന്നു. ശരദ് പവാർ പ്രതിപക്ഷ പാളയത്തിൽ തുടരുമ്പോൾ, അജിത് പവാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയും ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമായി അജിത് പവാറിൻ്റെ പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും റായ്ഗഡിൽ മാത്രമാണ് വിജയിച്ചത്. അതേസമയം, ശരദ് പവാറിന്റെ പാർട്ടിക്ക് എട്ടു സീറ്റുകൾ ലഭിച്ചു.