ന്യൂദൽഹി- എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽനിന്ന് ബിസിനസ്, പ്രീമിയം ക്ലാസുകൾ ഒഴിവാക്കുന്നു. എല്ലാ സീറ്റുകളും ഇക്കോണമിയിലേക്ക് മാറ്റാനണ് തീരുമാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത വർഷം ഏപ്രിലോടെയാണ് സമ്പൂർണ്ണമായി ഇക്കോണമി ക്ലാസിലേക്ക് മാറുക. നിലവിൽ ബിസിനസ്, പ്രീമിയം ഇക്കണോമി വിഭാഗത്തിൽ അറുപത് സീറ്റുകളാണ് എയർ ഇന്ത്യ എക്സ്പ്രസിലുള്ളത്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനുമാണ് പുതിയ മാറ്റം. ഇക്കാര്യം സി.ഇ.ഒ അലോക് സിംഗ് സ്ഥിരീകരിച്ചു,
നിലവിൽ 103 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 2025-26 ൽ 30 ദശലക്ഷം യാത്രക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടർന്ന് വർഷം തോറും അമ്പത് ശതമാനം കൂടുതൽ യാത്രക്കാരെ ആകർഷിക്കും. 2024-25 ന്റെ അവസാനത്തോടെ കൂടുതൽ വിമാനങ്ങൾ എത്തും. ഈ സാമ്പത്തിക വർഷത്തിൽ മാത്രം, എയർ ഇന്ത്യ എക്സ്പ്രസ് 37 വിമാനങ്ങൾ പുതുതായി വാങ്ങിയിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ ശൃംഖലയെ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ബജറ്റ് എയർലൈനാകാനുള്ള നീക്കമാണ് എക്സ്പ്രസ് നടത്തുന്നത്.