റിയാദ് – സൗദിയില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്താനും യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനും ലക്ഷ്യമിട്ട് സ്മാര്‍ട്ട് ഡിജിറ്റല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ റിയാദ് എയറിനെ പ്രാപ്തമാക്കുന്ന കരാര്‍ ഒപ്പുവെച്ചതായി ഐ.ബി.എമ്മും റിയാദ് എയറും അറിയിച്ചു. അമേരിക്കയിലെ മിയാമിയില്‍ നടന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് പ്രയോറിറ്റി ഉച്ചകോടിക്കിടെ റിയാദ് എയര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആദം ബൂഖദീദ, ഐ.ബി.എം കണ്‍സള്‍ട്ടിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി എന്നിവരുള്‍പ്പെടെ ഇരു കമ്പനികളിലെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.
ഐ.ബി.എം വാട്‌സണ്‍എക്‌സ് സൊല്യൂഷനുകളും ഐ.ബി.എം കണ്‍സള്‍ട്ടിംഗിന്റെ ഉപദേശക സേവനങ്ങളും സംയോജിപ്പിച്ചാണ് റിയാദ് എയറിനു വേണ്ടി ഡിജിറ്റല്‍ സിസ്റ്റം വികസിപ്പിക്കുക. വിമാന യാത്ര പുനര്‍നിര്‍വചിക്കാനും ഉപഭോക്താക്കള്‍ക്ക് സുഗമവും അസാധാരണവുമായ യാത്രാനുഭവങ്ങള്‍ നല്‍കാനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന സംവിധാനം മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു കമ്പനികളും തമ്മിലുള്ള സഹകരണം.
കരാര്‍ പ്രകാരം, ഐ.ബി.എം ആയിരിക്കും റിയാദ് എയറിന്റെ പ്രധാന സിസ്റ്റം ഇന്റഗ്രേഷന്‍ പങ്കാളി. റിയാദ് എയറിന്റെ എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപപ്പെടുത്തുന്ന വാട്‌സണ്‍എക്‌സ് സൊല്യൂഷനുകളുടെ മേല്‍നോട്ടവും നടപ്പാക്കലും ഐ.ബി.എമ്മിന് ആയിരിക്കും. വാട്സണ്‍എക്സ് സൊല്യൂഷനുകള്‍ മള്‍ട്ടി-മോഡല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുക. ഇത് തുറന്ന നവീകരണം സാധ്യമാക്കുന്നതിനൊപ്പം ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ, സ്വകാര്യത, നിയന്ത്രണങ്ങള്‍ പാലിക്കല്‍, നിര്‍മിതബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗം എന്നിവ ഉറപ്പാക്കും.
വിവിധ സിസ്റ്റങ്ങളുമായി സുരക്ഷിതവും ബുദ്ധിപരവുമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന സ്വയംഭരണ റോബോട്ടുകളുടെ വിന്യാസം സാധ്യമാക്കുന്ന ഏജന്റിക് എ.ഐ സാങ്കേതികവിദ്യയും റിയാദ് എയര്‍ അവലംബിക്കും. നൂതനാശയങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐ.ബി.എം ഗാരേജ് സമീപനത്തിലൂടെ ഐ.ബി.എം കണ്‍സള്‍ട്ടിംഗ് നിര്‍മിതബുദ്ധി ഉപയോഗ സാഹചര്യങ്ങള്‍ വികസിപ്പിക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും, ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഓട്ടോമാറ്റിക് സേവനങ്ങള്‍ നല്‍കുന്നത് സുഗമമാക്കുന്നതിന് വെര്‍ച്വല്‍ പിന്തുണകള്‍ പോലുള്ള ബുദ്ധിപരമായ പരിഹാരങ്ങള്‍ നല്‍കാനും ഐ.ബി.എം കണ്‍സള്‍ട്ടിംഗ് അഡ്വാന്റേജിന്റെ എ.ഐ-പവേര്‍ഡ് പ്ലാറ്റ്ഫോം ഉപയോഗിക്കും.
ഒരു പരമ്പരാഗത വിമാന കമ്പനി എന്നതിലുപരിയായി പ്രവര്‍ത്തിക്കാന്‍ റിയാദ് എയര്‍ ശ്രമിക്കുന്നതായി റിയാദ് എയര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആദം ബൂഖദീദ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിച്ചും തുടര്‍ച്ചയായ നവീകരണത്തിലൂടെയും വ്യവസായ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിച്ചും ലോകോത്തര ഡിജിറ്റല്‍ യാത്രാനുഭവം നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. യാത്രക്കാരുമായുള്ള ബുദ്ധിപരമായ ഇടപെടല്‍ മുതല്‍ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് വരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി നിര്‍മിതബുദ്ധിയെ സ്ഥാപിക്കാനാണ് ഐ.ബി.എമ്മുമായുള്ള സഹകരണത്തിലൂടെ ശ്രമിക്കുന്നതെന്നും ആദം ബൂഖദീദ പറഞ്ഞു.
എല്ലാ ഘട്ടങ്ങളിലും ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും കണക്കിലെടുക്കുന്ന മികച്ച യാത്രാ സേവനവും ഡിജിറ്റല്‍ യാത്രാനുഭവങ്ങളും നല്‍കുന്നതിലൂടെ ഇന്നൊവേഷനില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനുള്ള റിയാദ് എയറിന്റെ പ്രതിബദ്ധതയെ ഐ.ബി.എമ്മുമായുള്ള പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. നൂതന ഡിജിറ്റല്‍ വിമാന കമ്പനി എന്ന നിലയില്‍ റിയാദ് എയറിന്റെ സ്ഥാനം ഐ.ബി.എമ്മിന്റെ സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുന്നതിലൂടെ യാത്രാ, വ്യോമയാന ലോകത്ത് ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാന്‍ രണ്ട് കമ്പനികള്‍ക്കും കഴിയും.