- സൗദിയിലെ പ്രധാന റോഡുകളിൽ ഈ വർഷാവസനത്തോടെ ഓട്ടോണമസ് വെഹിക്കിളുകൾ യാത്ര ആരംഭിക്കും
റിയാദ്: ഈ വർഷാവസാനത്തോടെ സൗദിയിൽ സേവന ദാതാക്കളുമായി സഹകരിച്ച് സെൽഫ്‌ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും യൂബർ ടെക്‌നോളജിയും ഒപ്പുവെച്ചു. റിയാദിൽ സൗദിയു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തോടനുബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആക്ടിംഗ് പ്രസിഡന്‌റ് ഡോ. റുമൈഹ് അൽറുമൈഹും യൂബർ സി.ഇ.ഒ ദാര ഖോസ്രോഷാഹിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണയോടെയും വാഹനങ്ങൾക്കുള്ളിൽ ഓപ്പറേറ്റർമാരുടെ സാന്നിധ്യത്തോടെയുമാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഗതാഗത മേഖലയിലെ ആധുനിക കണ്ടുപിടുത്തങ്ങൾ സ്വീകരിക്കാനും, ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രത്തിന്റെയും സൗദി വിഷൻ 2030 ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്മാർട്ട് മൊബിലിറ്റി പ്രാപ്തമാക്കാനുമുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി യൂബർ ആപ്പ് വഴി സൗദിയിൽ ആദ്യത്തെ ഓട്ടോണമസ് വെഹിക്കിൾ യാത്രകൾ ആരംഭിക്കും.
യൂബറിന്റെ റൈഡ്‌ഹെയ്‌ലിംഗ് ശൃംഖല പ്രയോജനപ്പെടുത്തി, സെൽഫ്‌ഡ്രൈവിംഗ് വാഹന സാങ്കേതികവിദ്യയിലേക്കുള്ള ഉപഭോക്തൃ പ്രവേശനം അതോറിറ്റി വികസിപ്പിക്കും.
വിഷൻ 2030 ചട്ടക്കൂടിനുള്ളിൽ സ്മാർട്ട് ഗതാഗത സാങ്കേതികവിദ്യകൾ പ്രാപ്തമാക്കാനും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാമുള്ള അതോറിറ്റിയുടെ ശ്രമങ്ങളെ ഈ പങ്കാളിത്തം പിന്തുണക്കുന്നതായി റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഈ സഹകരണം ഗതാഗത മേഖലയിലുടനീളം സുരക്ഷയും സേവന ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് റുമൈഹ് അൽറുമൈഹ് വിശദീകരിച്ചു.
സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും യൂബറും വ്യക്തമാക്കി. ഈ സഹകരണത്തിലൂടെ ഗതാഗത സുരക്ഷ വർധിപ്പിക്കാനും എല്ലാവർക്കും സുരക്ഷിതമായ റോഡുകളും മികച്ച ഗതാഗത പരിഹാരങ്ങളും ഒരുക്കാനും സഹായിക്കുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കപ്പെടും. സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത മേഖല എന്നിവയിൽ ധീരമായ പരിവർത്തനത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഭാവി മൊബിലിറ്റിക്കായുള്ള വിഷൻ 2030 ന് അനുസൃതമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സൗദിയിൽ സെൽഫ്‌ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കുന്നത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെ പൂരകമാക്കുകയും രാജ്യത്തെ നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ തടസ്സമില്ലാത്ത ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും.
സെൽഫ്‌ഡ്രൈവിംഗ് സാങ്കേതികവിദ്യ പ്രാദേശിക വിപണിയിൽ എത്തിക്കാനായി യൂബർ നിലവിൽ ഓട്ടോണമസ് ഡ്രൈവിംഗ് മേഖലയിലെ പങ്കാളികളുമായും രാജ്യത്തെ മന്ത്രാലയങ്ങളുമായും ചർച്ചകൾ നടത്തിവരികയാണെന്ന് യൂബർ സി.ഇ.ഒ ദാര ഖോസ്രോഷാഹി വെളിപ്പെടുത്തി. റിയാദിൽ സൗദിയു.എസ് നിക്ഷേപ ഫോറത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിച്ച ഖോസ്രോഷാഹി, പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സൗദി അറേബ്യയുടെ അഭിലാഷകരമായ വേഗതയെ പ്രശംസിച്ചു. സമീപഭാവിയിൽ സൗദി റോഡുകളിൽ സെൽഫ്‌ഡ്രൈവിംഗ് സാങ്കേതികവിദ്യ വിന്യസിക്കപ്പെടുന്നത് കാണുന്നതിൽ അദ്ദേഹം ആവേശം പ്രകടിപ്പിച്ചു.
1,40,000 ലേറെ സൗദി ഡ്രൈവർമാരും 40 ലക്ഷത്തിലേറെ സജീവ യാത്രക്കാരുമുള്ള സൗദി അറേബ്യ യൂബറിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിൽ ഒന്നാണ്. നിലവിൽ രാജ്യത്തുടനീളമുള്ള 20 നഗരങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. സൗദിയിൽ യൂബർ 70 ശതമാനത്തിലേറെ വളർച്ച കൈവരിക്കുന്നു. റിയാദ് മെട്രോ പദ്ധതി അവിശ്വസനീയവും ശ്രദ്ധേയവുമാണെന്ന് യൂബർ സി.ഇ.ഒ വിശേഷിപ്പിച്ചു. മെട്രോ സംവിധാനത്തിലേക്കുള്ള കണക്ഷനുകൾക്ക് യൂബർ ഡിസ്‌കൗണ്ട് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാർ പാർക്കിംഗിന്റെ ആവശ്യകത കുറക്കാനും നഗര സ്ഥലത്തിന്റെ മികച്ച ഉപയോഗം സാധ്യമാക്കാനും യൂബറിനെ പൊതുഗതാഗതവുമായി സംയോജിപ്പിക്കേണ്ടത് പ്രധാനമാണ്.
ഡാറ്റയിലൂടെയും അനുഭവത്തിലൂടെയും തുടർച്ചയായി പഠിക്കാൻ കഴിവുള്ള മനുഷ്യ ഡ്രൈവർമാർക്ക് സുരക്ഷിതമായ ഒരു ബദലാണ് സെൽഫ്‌ഡ്രൈവിംഗ് വാഹനങ്ങൾ. സെൽഫ്‌ഡ്രൈവിംഗ് സാങ്കേതികവിദ്യ യാത്രക്കാരുടെ ഗതാഗതത്തിൽ മാത്രമല്ല, ഡെലിവറി, വാണിജ്യ ലോജിസ്റ്റിക്‌സ് മേഖലകളിലും വിപ്ലവം സൃഷ്ടിക്കും. കുറഞ്ഞ ചെലവുകളും വിശാലമായ പ്രവേശനക്ഷമതയും ഇവ വാഗ്ദാനം ചെയ്യുമെന്നും ദാര ഖോസ്രോഷാഹി പ്രവചിച്ചു.
ലോകമെമ്പാടും 18 സെൽഫ്‌ഡ്രൈവിംഗ് വാഹന പങ്കാളികളുമായി യൂബർ നിലവിൽ സഹകരിക്കുന്നു. സുരക്ഷിതവും ഘടനാപരവുമായ രീതിയിൽ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് നഗര പരിസ്ഥിതികളുമായും നിയന്ത്രണ സ്ഥാപനങ്ങളുമായും യോജിച്ച് പ്രവർത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.