- എ.ഡി.എമ്മിന്റെ യാത്രയയപ്പിന് പോയത് കലക്ടർ ക്ഷണിച്ചിട്ടെന്ന് ദിവ്യ. തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ എ.ഡി.എം ഇടപെട്ടു. അത്ര വിശുദ്ധനെങ്കിൽ എ.ഡി.എം എന്തുകൊണ്ട് യോഗത്തിൽ ഇടപെട്ടില്ലെന്നും പ്രതിഭാഗം
തലശ്ശേരി: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ച് ഒളിവിൽ പോയ സി.പി.എം നേതാവ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി വാദം കേൾക്കുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദ് മുമ്പാകെ ദിവ്യയ്ക്കു വേണ്ടി അഭിഭാഷകൻ കെ വിശ്വനാണ് ഹാജരായത്.
തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ എ.ഡി.എം നവീൻ ബാബു ഇടപെട്ടതായും അദ്ദേഹത്തിനെതിരെ രണ്ടു പരാതി കിട്ടിയിരുന്നതായും ദിവ്യ കോടയിൽ പറഞ്ഞു. പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ, ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് താൻ യോഗത്തിൽ നടത്തിയത്. താൻ നടത്തിയത് അഴിമതിക്കെതിരായ പൊതുസന്ദേശം എന്ന നിലയിലാണ് യാത്രയയപ്പ് യോഗത്തിൽ പരസ്യമായി പ്രതികരിച്ചതെന്നും ദിവ്യ പറഞ്ഞു. തന്നെക്കുറിച്ച് പറഞ്ഞത് തെറ്റെങ്കിൽ, അത്ര വിശുദ്ധനെങ്കിൽ എ.ഡി.എം എന്തുകൊണ്ട് ഇടപെട്ടില്ല. ആത്മഹത്യയല്ല പരിഹാരമെന്നും പ്രതിഭാഗം വാദിച്ചു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനു തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടർ അരുൺ കെ വിജയനാണെന്നു ദിവ്യ പറഞ്ഞു. അനൗപചാരികമായാണ് ക്ഷണിച്ചത്. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണ് കലക്ടർ ചോദിച്ചത്. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിൽ അറിയിച്ചു. യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ പറഞ്ഞു.
പരാതിക്കാർ പറഞ്ഞത് കള്ളമാണോയെന്ന് അറിയില്ല. അത് അന്വേഷിക്കേണ്ടത് പോലീസാണ്. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവണതയുണ്ട്. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ഭൂമി പ്രശ്‌നത്തിൽ ഗംഗാധരൻ പരാതി നൽകിയെന്നും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും അജണ്ടയുണ്ടെന്നും മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദം ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
ജാമ്യാപേക്ഷയെ എതിർത്ത് കേസിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം സജിത കോടതിയിൽ വക്കാലത്ത് നൽകിയിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ് റാൽഫ് ആണ് ഹാജരായിട്ടുള്ളത്. പോലീസ് റിപോർട്ടുകളും പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും കൂടി വാദവും കൂടി കേട്ട ശേഷമാകും ജഡ്ജ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പ്രഖ്യാപിക്കുക.
അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നു കലക്ടർ അരുൺ കെ വിജയൻ പോലീസിനും ലാൻഡ് റവന്യു കമ്മിഷണർക്കും നേരത്തെ മൊഴി നൽകിയിട്ടുണ്ട്. ഇതു കൂടാതെ എ.ഡി.എം പണം വാങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പരാതി നൽകിയ ഗംഗാധരൻ മൊഴി നൽകിയിട്ടുണ്ട്. പെട്രോൾ പമ്പിനായി രംഗത്തുള്ള പ്രശാന്തന്റെ പേരിലുള്ള പരാതിയിൽ പേരും ഒപ്പും വ്യാജമാണെന്നും കണ്ടെത്തലുണ്ട്.