തിരുവനന്തപുരം: ഭരണകക്ഷി എം.എൽ.എമാരുടെ ആരോപണങ്ങൾക്കും ആർഎസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദങ്ങൾക്കും പിന്നാലെ, അവധി അപേക്ഷ പിൻവലിക്കാൻ കത്ത് നൽകി എ.ഡി.ജി.പി എം.ആർ അജിത് കുമാർ.
കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായി ഈമാസം 14 മുതൽ നാലുദിവസത്തെ അവധിക്കായുള്ള അപേക്ഷയാണ് വേണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി അഭ്യന്തര വകുപ്പിന് കത്ത് നല്കിയത്.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് നിലമ്പൂരിൽനിന്നുള്ള ഇടത് എം.എൽ.എ പി.വി അൻവർ ആരോപിച്ചിരുന്നു. ഇതിന് തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ അടക്കമുള്ള ഇടത് എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ വൻ പ്രതിരോധത്തിലാണ്. സംഭവത്തിൽ പോലീസ് സേനയിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്കും പി.വി അൻവർ പരാതി നൽകിയതോടെ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അപ്പോഴും എ.ഡി.ജി.പിയെ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാകാതെ കീഴ് ഉദ്യോഗസ്ഥരെ അടക്കം അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് സത്യസന്ധമായ അന്വേഷണത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്ന് രൂക്ഷമായ വിമർശങ്ങൾ ഉയർന്നെങ്കിലും സർക്കാർ ചെവികൊണ്ടിരുന്നില്ല. തുടർന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം രൂക്ഷമായ വിമർശങ്ങൾ ഉയർന്നതിനിടെയാണ്, നേരത്തെ തീരുമാനിച്ച സ്വകാര്യ ആവശ്യങ്ങൾക്കായി എ.ഡി.ജി.പി അവധി അപേക്ഷ നൽകിയത്. ഇതിന് അഭ്യന്തര വകുപ്പ് പച്ചക്കൊടി കാണിച്ചതോടെ, അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനനാണെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയെ ലക്ഷ്യമിട്ട് അൻവർ ആരോപിച്ചിരുന്നു.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെയും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ കടുത്ത അതൃപ്തിയും വിമർശവുമായി പ്രതിപക്ഷത്തോടൊപ്പം സി.പി.ഐയും യുവജന സംഘടനകളും രംഗത്തുവരികയുമുണ്ടായി. എന്നാൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച തന്റെ അറിവോട് കൂടെയാണെന്നോ അല്ലെന്നോ പറയാൻ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. അതിനിടെ, തനിക്കെതിരേ ഉയർന്ന ആരോപണം ശരിയല്ലെന്നു വന്നാൽ തന്നെ വേട്ടയാടാൻ ശ്രമിച്ചവർക്കെതിരേ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യം അജിത് കുമാർ മുന്നോട്ടു വച്ചിട്ടുണ്ട്.