തിരുവനന്തപുരം: ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണമായതോടെ രാഷ്ട്രീയ പോര് മുറുകുന്നു.
ആർ.എസ്.എസ് നേതാവും എ.ഡി.ജി.പിയും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇതിന്റെ വിവരം ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടപ്പോൾ കൂടിക്കാഴ്ചയിൽ സി.പി.എമ്മിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ചോദ്യം.
എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയാൽ എന്താണ്? എ.ഡി.ജി.പി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തമാണെന്നുമായിരുന്നു എം.വി ഗോവിന്ദൻ പ്രതികരിച്ചത്. ഇതിനെ സാധൂകരിക്കുന്ന മറ്റൊരു പ്രതികരണമായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്വീകരിച്ചത്. എ.ഡി.ജി.പി ഒരു പൊതുപ്രവർത്തകനെ കണ്ടാൽ എന്താണതിൽ കുഴപ്പമെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. സി.പി.എമ്മിൽ തമ്മിലടിയാണെന്നും സ്വർണക്കള്ളക്കടത്ത് പണം വീതം വയ്ക്കുന്നതിലുണ്ടായ അസ്വാരസ്യമാണിപ്പോൾ പുറത്തുവന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എന്നാൽ, എൽ.ഡി.എഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും ആർ.എസ്.എസുമായി ചർച്ച നടത്തേണ്ട. ഏത് ദേശീയ കാര്യം പറയാനാണ് എ.ഡി.ജി.പി രഹസ്യമായി ഒരു കാറിൽ കയറി ആർ.എസ്.എസ് മേധാവിയെ കാണാൻ പോയത്? അതറിയാൻ ആകാംക്ഷയുണ്ട്. ആർ.എസ്.എസ് സംഘടനയായ വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണ് എ.ഡി.ജി.പി പോയത്? അതറിഞ്ഞേ തീരൂ. ആർ.എസ്.എസിനും എൽ.ഡി.എഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന കർക്കശമായ നിലപാടാണ് ബിനോയ് വിശ്വം ഗൗരവത്തോടെ ഉയർത്തിയത്.
എ.ഡി.ജി.പി മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും എന്നാൽ അജിത്ത് കുമാറിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. എന്നാൽ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുവേണ്ടിയാണെന്നാണ് നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ആരോപണം.
കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശൂരിലെ സി.പി.ഐ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാറും പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളയെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചയ്ക്ക് തൃശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശൂർ പൂരം കലക്കിയ ഒരു കക്ഷി ആർ.എസ്.എസാണെന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കവെന്നും സുനിൽകുമാർ പറഞ്ഞു.
ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്ന് മുൻ അഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രതികരിച്ചു. അഭ്യന്തര മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ഡി.ജി.പിയുടെ അത്തരമൊരു കൂടിക്കാഴ്ച നടക്കില്ലെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടമായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത് പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന കെ മുരളീധരൻ പറഞ്ഞു. തൃശൂരിൽ മാത്രമല്ല തിരുവനന്തപുരത്തും വോട്ട് മറിഞ്ഞിട്ടുണ്ട്. തീരദേശം ശശി തരൂരിന് ഒപ്പം നിന്നതുകൊണ്ടാണ് അവിടെ ബി.ജെ.പി വിജയിക്കാതിരുന്നതെന്നും മുരളീധരൻ ഓർമിപ്പിച്ചു.