തിരുവനന്തപുരം- ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തോത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന സർക്കാർ നേരത്തെ അറിഞ്ഞിരുന്നതായി വിവരം. ഇക്കാര്യം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പുറത്തുപറയുന്നതിന് മുമ്പു തന്നെ ഇക്കാര്യം സംസ്ഥാന സർക്കാറിന് സ്പെഷ്യൽ ബ്രാഞ്ച് വിവരം നൽകിയിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് അജിത് കുമാർ എത്തിയത്. ആർ.എസ്.എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതേവരെ വിശദീകരണം തേടിയിട്ടില്ല. എ.ഡി.ജി.പി ഇവിടെ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്.
അതേസമയം, ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വീണ്ടും രംഗത്തെത്തി. ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി എന്തിനാണ് ആർ.എസ്.എസ് നേതാവിനെ കണ്ടത് എന്നറിയാൻ കേരളത്തിന് ആകാംക്ഷയുണ്ടെന്നും സന്ദർശനം ഗൗരവത്തോടെ കാണണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം ഗൗരവമേറിയതാണെന്ന് തൃശൂരിലെ സി.പി.ഐ സ്ഥാനാർത്ഥിതായിരുന്ന വി.എസ് സുനിൽ കുമാറും പറഞ്ഞു.
എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനായാണ് ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ചു. തൃശൂരിൽ പൂരം കലക്കി ഹിന്ദുക്കളെ അപമാനിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും ചെയ്തത്. മന്ത്രിസഭയിലെ ഒരു ഉന്നതൻ കൂടി ആർ.എസ്.എസുമായുള്ള ഉപജാപക സംഘത്തിലുണ്ട്. അദ്ദേഹത്തിന്റെ പേര് ഉടൻ പുറത്തുവരും. ബി.ജെ.പിയെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ് ചെയ്തത്. ഈ നാടകം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പുനർജനി കേസിൽ ഏത് തരത്തിലുള്ള അന്വേഷണം നടത്താനും സതീശൻ വെല്ലുവിളിച്ചു.
ന്യൂനപക്ഷങ്ങൾക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകരുത് എന്ന് വാദിക്കുന്ന ദത്തോത്രയെ കണ്ടത് എന്തിനാണ് എന്ന് ചോദിക്കാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. സി.പി.എമ്മിന് വേണ്ടിയിട്ടല്ല, മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത്. സുരേന്ദ്രന്റെ കുഴൽപ്പണ കേസ് സെറ്റ് ചെയ്തുകൊടുത്തതിന്റെ നന്ദിപ്രകടനമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കാണിക്കുന്നതെന്നും സതീശൻ പറഞ്ഞു.