തിരുവനന്തപുരം– യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിവേദിതിന്റെ കാലൊടിയുകയും സൂരജിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്ത ഇരുവരും നിലവിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു സമ്മതിച്ചു. ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തന്റെ വാഹനത്തിന്റെ പിന്നിൽ വേഗത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും, കാൻസർ ബാധിതനായ താൻ ആ ശബ്ദം കേട്ടപ്പോൾ ഭയപ്പെട്ട് പോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം പ്രതികരിച്ചു. വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് സമ്മതിച്ച അദ്ദേഹം, വിവരങ്ങൾ സുഹൃത്തിനെ അറിയിച്ചിരുന്നുവെന്നും പിന്നീട് പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും വ്യക്തമാക്കി.



