ദുബായ്: റേസിങ് പരിശീലനത്തിനിടെ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപെട്ടു.
അജിത്ത് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ദുബായിൽ പരിശീലനത്തിനിടെ താരം ഓടിച്ച കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടം.
24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂർ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാസങ്ങൾക്കു മുമ്പാണ് അജിത്ത് ‘അജിത് കുമാർ റേസിങ്’ എന്ന പേരിൽ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ബാഴ്സലോണയിൽ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാർജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.
മാത്യു ഡെട്രി, ഫാബിയൻ ഡഫിയൂക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ.