ജിദ്ദ – ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ച്, സൗദി അറേബ്യയുടെ മാധ്യമ നയങ്ങള്‍ക്ക് വിരുദ്ധമായ വിവാദ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്ത ടി.വി ചാനല്‍ അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. സൗദി അറേബ്യയുടെ മീഡിയ നിയമങ്ങളും ഉള്ളടക്ക വ്യവസ്ഥകളും മാധ്യമങ്ങള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതായും നിയമ ലംഘനങ്ങളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി. ഫലസ്തീന്‍ ചെറുത്തുനില്‍പ് ഗ്രൂപ്പുകളുടെ ചില നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്തതാണ് ചാനല്‍ അധികൃതര്‍ക്കെതിരായ നടപടിക്ക് കാരണം.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ എക്കാലത്തും ഉറച്ച നിലപാടാണ് സൗദി അറേബ്യക്കുള്ളത്. ഇക്കാര്യം ഭരണാധികാരികളും മന്ത്രിമാരും അടക്കമുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും നീതിപൂര്‍വകവുമായ പരിഹാരമുണ്ടാക്കി, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും സൗദി അറേബ്യ അര്‍ഥശങ്കക്കിടമില്ലാത്തവിധം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫലസ്തീന്‍ പ്രശ്‌നം സൗദി അറേബ്യയുടെ വിദേശ നയത്തിന്റെ അടിത്തറയാണ്. ഫലസ്തീന്‍ പ്രശ്‌നം വിശകലനം ചെയ്യാന്‍ 1935 ല്‍ ലണ്ടനില്‍ ചേര്‍ന്ന വട്ടമേശാ സമ്മേളനത്തില്‍ സൗദി അറേബ്യ ഫലസ്തീന്‍ ജനതക്കു വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തി. ഫലസ്തീന്‍ ജനതക്ക് നിയമാനുസൃതമായ മുഴുവന്‍ അവകാശങ്ങളും ലഭിക്കണമെന്നതാണ് എക്കാലവും സൗദി അറേബ്യ സ്വീകരിക്കുന്ന ഉറച്ച നിലപാട്. 1967 ലെ അതിര്‍ത്തിയില്‍ ഇനിയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ എത്രയും വേഗം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആഗോള വേദികളില്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി സൗദി അറേബ്യ വലിയ തോതിലുള്ള നയതന്ത്രശ്രമങ്ങളും നടത്തുന്നു. ഹമാസ് നേതാക്കളടക്കമുള്ള ഫലസ്തീന്‍ ചെറുത്തുനില്‍പ് പോരാളികളെ ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്ത ചാനല്‍ അധികൃതര്‍ക്കെതിരായ നടപടിയിലൂടെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ കാലാകാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാടില്‍ തങ്ങള്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്ന സന്ദേശമാണ് സൗദി അറേബ്യ എല്ലാവര്‍ക്കും നല്‍കുന്നത്.