മദീന – പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് പ്രവാചകനഗരിയിൽ മകനുമെത്തി. മദീന എന്ന പ്രവാചക നഗരി സന്ദര്‍ശകര്‍ക്കിടയില്‍ നാലു ദശകത്തിലേറെ കാലം മുടങ്ങാതെ സൗജന്യമായി ചായയും കാപ്പിയും വിതരണം ചെയ്തു വന്ന അബുസ്സുബാഅ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിറിയന്‍ വംശജന്‍ ശൈഖ് ഇസ്മാഈല്‍ അല്‍സഈം കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.

അബുസ്സുബാഅിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് മകൻ കഴിഞ്ഞ ദിവസം മുതൽ മദീനയിൽ സന്ദർശകർക്ക് സൗജന്യമായി ചായയും കാപ്പിയും വിതരണം ചെയ്യാൻ തുടങ്ങി. 96 വയസ് വരെ നീണ്ടുനിന്ന അബുസുബാഅിന്റെ ജീവിതത്തിൽ. നാല്‍പതു വര്‍ഷത്തിലേറെ കാലം നീണ്ട, ഔദാര്യത്തിന്റെ പാരമ്പര്യം അവശേഷിപ്പിച്ചാണ് അബുസ്സുബാഅ് ദൈവീക സന്നിധിയിലേക്ക് കഴിഞ്ഞ ദിവസം യാത്രയായത്. മദീനയിൽ എത്തുന്ന സന്ദർശകർക്ക് ഏറെ ആശ്വാസമായിരുന്നു അബുസുബാഅിന്റെ സാന്നിധ്യം. അദ്ദേഹത്തിന്റെ മരണത്തോടെ വിടവു വന്ന കാരുണ്യ പ്രവർത്തനമാണ് മകൻ തുടരുന്നത്.

സിറിയയിലെ ഹമാ നഗരവാസിയായ ഇസ്മാഈല്‍ അല്‍സഈം 50 വര്‍ഷത്തിലേറെ മുമ്പാണ് മദീനയില്‍ താമസം ആരംഭിച്ചത്. മദീനയിലെ താമസ കാലത്തു മുഴുവന്‍ എല്ലാ ദിവസവും മുടങ്ങാതെ ആയിരക്കണക്കിനാളുകള്‍ക്ക് ഇദ്ദേഹം സൗജന്യമായി കാപ്പിയും ചായയും വിതരണം ചെയ്തിരുന്നു. ഖുബാ മസ്ജിദിനു സമീപമാണ് ഇദ്ദേഹം കാപ്പിയും ചായയും വിതരണം ചെയ്തിരുന്നത്. വീട്ടില്‍ വെച്ച് ചായയും കാപ്പിയും തയാറാക്കി വലിയ ഫ്‌ളാസ്‌കുകളില്‍ നിറച്ച് അവ പ്ലാസ്റ്റിക് കുട്ടകളിലാക്കി ട്രോളിയില്‍ തള്ളി ഖുബാ മസ്ജിദിനു സമീപം എത്തിച്ചാണ് പേപ്പര്‍ കപ്പുകളില്‍ നിറച്ച് സന്ദര്‍ശകര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നത്.