ന്യൂദൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും ഒന്നിച്ചു മത്സരിക്കും. ഇരു കക്ഷികളും ഇതുസംബന്ധിച്ച് തത്വത്തിൽ ധാരണയായി. ഹരിയാന അംസബ്ലിയിലേക്കുള്ള 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇരുകക്ഷികളും ഉടൻ സീറ്റ് ധാരണയിലെത്തും. ആം ആദ്മി പത്തു സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഏഴു സീറ്റുകൾ വരെ നൽകാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് നൽകും. ആം ആദ്മി നേതാവും എം.പിയുമായ രാഘവ് ഛദ്ദയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച ഇന്ത്യാ സഖ്യം തുടർന്നും കൊണ്ടുപോകാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹരിയാനയിൽ സഖ്യ ചർച്ചക്ക് തുടക്കമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്തു സീറ്റുകളിൽ ഒമ്പതിടത്ത് കോൺഗ്രസും ഒരിടത്ത് ആം ആദ്മിയുമാണ് മത്സരിച്ചിരുന്നത്. അഞ്ചു സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. 29000 വോട്ടിനാണ് ആം ആദ്മിയുടെ സ്ഥാനാർത്ഥി കുരുക്ഷേത്രയിൽ തോറ്റത്.