ചെന്നൈ- സംഗീത പ്രതിഭ എ.ആർ റഹ്മാനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുകയാണെന്ന് ഭാര്യ സൈറ ബാനു. 29 വർഷത്തെ ദാമ്പത്യബന്ധത്തിന് ശേഷമാണ് വേർപിരിയുന്നത്. നിരവധി ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സൈറയുടെ വക്കീലായ വന്ദന ഷായാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
വളരെ വർഷത്തെ ദാമ്പത്യത്തിന് ശേഷം, ശ്രീമതി സൈറ തൻ്റെ ഭർത്താവിൽ നിന്ന് വേർപിരിയാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഏറെ നാളത്തെ അതിതീവ്രമായ വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. പരസ്പരം ആഴത്തിലുള്ള സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചുവെന്ന് ഇരുവരും തിരിച്ചറിഞ്ഞു. അത് ആർക്കും ഈ സമയത്ത് നികത്താൻ കഴിയില്ല. വേദനയും ദുഖവും സഹിച്ചാണ് ഈ തീരുമാനമെടുത്തത്.
തൻ്റെ ജീവിതത്തിലെ ഈ ദുഷ്കരമായ വെല്ലുവിളി നിറഞ്ഞ സമയത്ത് ശ്രീമതി സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്. 1995 ൽ വിവാഹിതരായ ദമ്പതികൾക്ക് ഖദീജ, റഹീമ, അമീൻ എന്നീ മക്കളുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന തീരുമാനമാണിത്.