ന്യൂദൽഹി: ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അസുഖ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് റദ്ദാക്കിയത് 86 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ. 300 ഓളം മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം കൂട്ടമായി രോഗാവധി എടുത്തതാണ് സർവീസ് റദ്ദാക്കാൻ കാരണം. അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങളെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്നാണ് നൂറോളം വിമാനങ്ങൾ റദ്ദാക്കിയത്. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് അറിയിച്ചു.
“ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം അവസാന നിമിഷം അസുഖമുണ്ടെന്ന് ചൂണ്ടിക്കാട്ടി അവധി എടുത്തതിനെ തുടർന്ന് ഇന്നലെ രാത്രി മുതൽ, വിമാനം വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ഈ സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഞങ്ങൾ ജീവനക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.
വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യും. അല്ലെങ്കിൽ മറ്റൊരു തിയതിയിലേക്ക് യാത്ര മാറ്റാമെന്നും എയർലൈൻ അറിയിച്ചു.