അഗർത്തല – ത്രിപുരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഞെട്ടിക്കുന്ന റിപോർട്ട്. 47 വിദ്യാർത്ഥികൾ എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. 828 വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 220 സ്‌കൂളുകളിലും 24 കോളേജുകളിലുമുള്ള വിദ്യാർത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്ക്കുന്ന രീതിയിലുള്ള ലഹരിമരുന്നിന്റെ ഉപയോഗമാണ് വിദ്യാർത്ഥികളിൽ രോഗവ്യാപനത്തിന് കാരണമായതെന്നാണ് കരുതുന്നത്.
ത്രിപുരയിലെ 164 ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ദിനംപ്രതി അഞ്ചുമുതൽ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി. സമ്പന്ന കുടുംബത്തിൽനിന്നുള്ള കുട്ടികളാണ് രോഗം ബാധിതരിൽ കൂടുതലും. സർക്കാർ ജീവനക്കാരായ മാതാപിതാക്കളുടെ മക്കൾ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു.
2024 മെയ് വരെ സംസ്ഥാനത്ത് 8729 പേർക്കാണ് എച്ച്.ഐ.വി രോഗം സ്ഥിരീകരിച്ചത്. മക്കൾ ലഹരിക്കടിമയായെന്ന് അച്ഛനമ്മമാർ തിരിച്ചറിയുമ്പാഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകുമെന്നും ഇതിനെതിരെ വ്യാപകമായ ബോധവത്കരണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.